മുംബൈ: വഖഫ് ബോർഡിന്റെ സ്ഥലത്താണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ടി.വി9ന് നൽകിയ അഭിമുഖത്തിലാണ് ഉവൈസിയുടെ പരാമർശം. മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നൽകിയത്.
നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാൽ അതിന് സാധിക്കില്ല. പരിഷ്‌കരണ ബില്ലിൽ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി നിങ്ങൾ പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകാം. തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോർഡിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്യുമെന്നും ഉവൈസി പറഞ്ഞു.
മുസ്‍ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ബി.ജെ.പി-ആർ.എസ്.എസ് പ്രചാരണം മാത്രമാണ്. അങ്ങനെയൊന്നും ഇവിടെയില്ല. പാർലമെന്റിൽ നമസ്കരിച്ചാൽ ആ കെട്ടിടം എന്റേതായി മാറുമോ. ഞാൻ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ദാനം ചെയ്യാൻ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീൻ ഉവൈസി പറഞ്ഞു.
വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമീഷണറിൽനിന്ന് എടുത്തുമാറ്റി ജില്ല കലക്ടർക്ക് നൽകുകയും കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്‍ലിംകൾ നിർബന്ധമാക്കുകയും ചെയ്യുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകളുള്ള ബില്ലാണ് കേന്ദ്രസർക്കാർ കൊണ്ടു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.