ന്യൂഡൽഹി: ഖാലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ വധശ്രമക്കേസിൽ ഇന്ത്യക്കാരന് പങ്കുണ്ടെന്ന അമേരിക്കയുടെ ആരോപണം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടൻ ആസ്ഥാനമായ ഫിനാൻഷ്യൽ ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് വിഷയത്തിൽ പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. തെളിവുകൾ നൽകിയാൽ അന്വേഷണത്തിന് തയാറാണെന്നും നിയമവാഴ്ചയോടാണ് പ്രതിബദ്ധതയെന്നും മോദി പറഞ്ഞു. ഈ വിഷയം മുൻനിർത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പൗരനും സിഖ് ഫോര്‍ ജസ്റ്റിസ് നേതാവുമായ പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത പങ്കാളിയായെന്നാണ് ആരോപണം. 52കാരനായ നിഖിൽ ഗുപ്തക്കെതിരെ ന്യൂയോർക് ഫെഡറൽ കോടതിയിൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചിരുന്നു. പന്നൂനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 30ന് ചെക്ക് റിപ്പബ്ലിക്കിൽ ഗുപ്തയെ അറസ്റ്റ് ചെയ്തു. അമേരിക്കയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള കുറ്റവാളി കൈമാറൽ ഉടമ്പടിപ്രകാരമായിരുന്നു അറസ്റ്റ്. വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ഡൽഹിയിലെ ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.