രക്ഷിതാക്കൾ നടത്തിയ പ്രതിഷേധം

പ്രവാചകനെക്കുറിച്ച് ഉപന്യാസ മത്സരം നടത്തിയ പ്രിൻസിപ്പലിനെതിരെ പ്രതിഷേധം; ലക്ഷ്യം മതപരിവർത്തനമെന്ന്

ബംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളിൽ പ്രവാചകനെക്കുറിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ച പ്രിൻസിപ്പലിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്. മതപരിവർത്തനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധവുമായി ഇവർ സ്കൂളിലേക്കെത്തിയത്. പ്രിൻസിപ്പലിനെതിരെ രോഷാകുലരായി മുദ്രാവാക്യം വിളിച്ച രക്ഷിതാക്കൾ അദ്ദേഹത്തിന്റെ ചേംബറിൽ കയറി ബഹളംവെച്ചു.

'എല്ലാ മാസവും ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ഉപന്യാസ മത്സരങ്ങൾ നടത്താറുണ്ട്. കനകദാസനെയും പുരന്ദരദാസനെയും മറ്റ് വ്യക്തിത്വങ്ങളെയും കുറിച്ച് മുമ്പും മത്സരങ്ങൾ നടത്തിയിട്ടുണ്ട്. ഈ വ്യക്തികളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് മത്സരങ്ങൾ നടത്തുന്നത്'- പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുക എന്നത് പ്രിൻസിപ്പലിന്‍റെ ഉദ്ദേശ്യമായിരുന്നില്ലെന്ന് സ്കൂളിലെ മറ്റൊരു അധ്യാപകൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഗദാഗിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോർട്ട്. സംഭവം സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇദ്ദേഹം കത്തെഴുതിയെന്നാണ് വിവരം. 'ഇത്തരം മത്സരങ്ങൾ നടത്താൻ സർക്കാർ സർക്കുലറുകളൊന്നും ഉണ്ടായിരുന്നില്ല. 43 ഓളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വാൽമീകി ജയന്തിയും കനക ജയന്തിയും മറ്റ് പരിപാടികളും സ്കൂളിൽ നടന്നിരുന്നു. എന്നാൽ അവ നടത്താൻ സർക്കാർ ഉത്തരവുകൾ ഉണ്ടായിരുന്നു. ഉപന്യാസ മത്സരം നടത്താനുള്ള നിർദേശം ഇല്ലായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാൻ പ്രിൻസിപ്പൽ പുസ്തകങ്ങളും നൽകി'- പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

Tags:    
News Summary - Parents protest against principal after govt school conducts essay competition on Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.