ജയ് പുർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പുനിയയും തമ്മിലുള്ള പടലപിണക്കം അരമന രഹസ്യമല്ല, അങ്ങാടിപ്പാട്ടാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആർ.എസ്.എസിനും താൽപര്യമില്ലാത്ത നേതാവാണ് വസുന്ധര രാജെ സിന്ധ്യ. ഔദ്യോഗിക പക്ഷം പലതവണ ശ്രമിച്ചിട്ടും ഇവരെ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല.
സച്ചിൻ പൈലറ്റിന്‍റെ നേതൃത്തിൽ കലാപം നടന്നിട്ടും ബി.ജെ.പിക്ക് അവിടെ വിജയിക്കാൻ കഴിയാതിരുന്നതിന് കാരണം വിജയരാജെയെ ഒപ്പം നിർത്താൻ കഴിയാത്തതിനാലാണ്. വിജയരാജെയുടെ സഹായത്തോടെയാണ് അശോക് ഗെഹ്ലോട്ട് അവിശ്വാസത്തെ മറികടന്നതെന്ന് പരസ്യമായ രഹസ്യമായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയും തമ്മിലുള്ള പിണക്കം മാറ്റാൻ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗം മറ്റൊരു വിവാദത്തിന് തിരി കൊളുത്തി. പാർട്ടി ആസ്ഥാനത്തെ കാർ പോർച്ചിൽ ആര് കാർ പാർക്ക് ചെയ്യും എന്നതായിരുന്നു തർക്കം.
വസുന്ധര രാജെ സിന്ധ്യയുടെ ഡ്രൈവർ സതീഷ് പുനിയയുടെ ഡ്രൈവറോട് കാർ പോർച്ചിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയാറായില്ല. തുടർന്ന് വിജയരാജെ അകലെ പാർക്ക് ചെയ്ത കാറിൽ നിന്നും നടന്ന് ഓഫിസിലേക്ക് കയറുകയായിരുന്നു.
'മാഡം എപ്പോൾ ഓഫിസിൽ വരുമ്പോഴും മാഡത്തിന്‍റെ കാറാണ് പോർച്ചിൽ പാർക്ക് ചെയ്യാറുള്ളത്. കഴിഞ്ഞ തവണ സതീഷ് പുനിയയുടെ കാർ മാറ്റിയിട്ടിരുന്നു. എല്ലാ ഓഫിസുകളിലും പാർട്ടി അധ്യക്ഷന്‍റെ കാറാണ് പോർച്ചിൽ ഇടാറുള്ളതെങ്കിലും ഇവിടെ ഇങ്ങനെയാണ് കാലങ്ങളായി നടന്നുവരുന്നത്.'ബി.ജെ.പി പ്രവർത്തകൻ പറഞ്ഞു.
യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ വസുന്ധര രാജെ നടത്താനിരിക്കുന്ന ശ്കതിയാത്രയെക്കുറിച്ച് ചോദിച്ചവരോട് അറിയില്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ചുമതലയുള്ള അരുൺസിങ്ങിന്‍റെ മറുപടി. ഇത്തരം യാത്രകൾ നടത്തേണ്ടത് സന്യാസിമാരാണെന്നും അരുൺ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.