ലോക്സഭാ സ്പീക്കർ ഓം ബിർള പാർലമെന്റിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച മാധ്യമപ്രവർത്തകരെ ചർച്ചക്ക് വിളിച്ചപ്പോൾ

പാർലമെന്‍റിൽ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം

ന്യൂഡൽഹി: പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ വരുന്ന മാധ്യമപ്രവർത്തകരെ ചക്രവ്യൂഹത്തിൽപ്പെടുത്തിയിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് തൊട്ടുപിന്നാലെ ലോക്സഭ സ്പീക്കർ ഓം ബിർള പ്രശ്ന പരിഹാരത്തിന് മാധ്യമപ്രവർത്തകരെ ചർച്ചക്ക് വിളിച്ചു. സി.ഐ.എസ്.എഫ് സുരക്ഷാ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ സ്പീക്കർ വിളിച്ച യോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു യോഗം.

മാധ്യമപ്രവർത്തകരെ പാർലമെന്റ് വളപ്പിൽ കണ്ടയ്നറിൽ ബന്ധികളാക്കിയിരിക്കുകയാണെന്നും അവരെ മോചിപ്പിച്ച് അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും രാഹുൽ ഗാന്ധി സ്പീക്കറോട് പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകർ പാവങ്ങളല്ല എന്ന് സ്പീക്കർ പറഞ്ഞപ്പോൾ എങ്കിൽ പാവങ്ങളല്ലാത്ത മാധ്യമപ്രവർത്തകർ എന്ന് രാഹുൽ തിരുത്തി പറഞ്ഞത് കൂട്ടച്ചിരി പടർത്തി.

പാർലമെന്ററി നിയമം തീരെ പഠിച്ചിട്ടില്ലെന്നും പൂർണമായും പഠിക്കണമെന്നും രാഹുലിനെ ഉപദേശിച്ച സ്പീക്കർ പാർലമെന്റിൽ കൊണ്ടുവന്ന ഏതെങ്കിലും നിയന്ത്രണങ്ങളിൽ പരാതിയുണ്ടെങ്കിൽ ചേംബറിൽ വന്ന് പറയണമെന്ന് നിർദേശിച്ചു. ഇതിന് ശേഷമാണ് ചേംബറിലെത്തിയ സ്പീക്കർ മാധ്യമപ്രവർത്തകരെ ചർച്ചക്ക് വിളിച്ചത്. ചർച്ച​യെ തുടർന്ന് മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണങ്ങൾ നീക്കി തീരുമാനങ്ങളും കൈകൊണ്ടു.

  • ഒന്ന്) പുതിയ പാർലമെന്റിന്റെ മുഖ്യകവാടത്തിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലുമായി നേതാക്കളോട് സംസാരിക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും അവസരമൊരുക്കും
  • രണ്ട്) പാർലമെന്റിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കാൻ ട്രാൻസ്​പോർട്ട് ഭവൻ വഴിയുള്ള ഗേറ്റ് കുടി അനുവദിക്കും.
  • മൂന്ന്) പാർലമെന്റ് വളപ്പിനകത്ത് മാധ്യമപ്രവർത്തകർക്ക് നേരത്തെയുണ്ടായിരുന്നത് പോലെ പ്രത്യേക ഭക്ഷണശാലയൊരുക്കും
  • നാല്) സ്ഥിരം പാസുള്ള മാധ്യമപ്രവർത്തകർക്ക് അടുത്ത പാർലമെന്റ് സമ്മേളനം മുതൽ പ്രത്യേക പാസ് വേണ്ടെന്ന് വെക്കും
Tags:    
News Summary - Parliament decided to remove restrictions on journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.