ന്യൂഡൽഹി: ഇന്ത്യൻ ക്രിമിനൽ നിയമവ്യവസ്ഥ പൊളിച്ചെഴുതാനുള്ള മോദി സർക്കാർ തീരുമാനത്തിന് ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെ പച്ചക്കൊടി. ‘ഇന്ത്യൻ ശിക്ഷ നിയമ’ത്തിന് പകരമുള്ള ‘ഭാരതീയ ന്യായസംഹിത’ എന്ന പേരിനെതിരായ എതിർപ്പുകളും സമിതി തള്ളിക്കളഞ്ഞു. വ്യഭിചാരവും, സമ്മതത്തോടുകൂടിയല്ലാത്ത സ്വവർഗ രതിയും കുറ്റകൃത്യങ്ങളാക്കി ഇന്ത്യൻ ശിക്ഷനിയമം ഭേദഗതി ചെയ്യണമെന്നതാണ് കരട് റിപ്പോർട്ടിൽ സമിതി നിർദേശിച്ച സുപ്രധാന ഭേദഗതി. വ്യഭിചാരം കുറ്റകൃത്യമാക്കുന്ന വ്യവസ്ഥ ലിംഗനിരപേക്ഷമായിരിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷുകാലത്തെ ക്രിമിനൽ നിയമവ്യവസ്ഥ പൊളിച്ചെഴുതാനുള്ള സർക്കാർ തീരുമാനം അംഗീകരിച്ച സമിതി ഇതിനായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ‘ഭാരതീയ ന്യായസംഹിത’ ബിൽ പരിശോധിച്ചാണ് ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. സ്വവർഗ വിവാഹം വേണ്ടെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈയിടെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് പാർലമെന്ററി സമിതി വ്യഭിചാരവും സമ്മതമില്ലാത്ത സ്വവർഗരതിയും കുറ്റകരമാക്കാൻ കരട് റിപ്പോർട്ടിൽ നിർദേശിച്ചത്.
ഇന്ത്യൻ ശിക്ഷനിയമം 497ാം വകുപ്പ് പ്രകാരം വ്യഭിചാരം കുറ്റകൃത്യമായിരുന്നുവെന്നും എന്നാൽ, 2018ൽ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് ആ വകുപ്പ് റദ്ദാക്കിയതാണെന്നും സമിതി ചൂണ്ടിക്കാട്ടി. പഴയ നിയമപ്രകാരം മറ്റൊരാളുടെ ഭാര്യയുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാത്രം കുറ്റക്കാരനാകുന്ന സ്ഥിതിയായിരുന്നുവെന്നും സമിതി വ്യക്തമാക്കി.
അതുകൊണ്ടാണ് പുതിയ ക്രിമിനൽ നിയമത്തിൽ വ്യഭിചാരം കുറ്റകരമാക്കുന്ന വ്യവസ്ഥ ലിംഗനിരപേക്ഷമാകണമെന്ന് സമിതി നിർദേശിച്ചത്. പുരുഷന്മാർ, സ്ത്രീകൾ, മൂന്നാം ലിംഗക്കാർ എന്നിവർക്കിടയിൽ സമ്മതമില്ലാതെ നടക്കുന്ന സ്വവർഗരതി കുറ്റകരമാക്കണമെന്നാണ് പാർലമെന്ററി സമിതിയുടെ നിലപാട്. സ്വവർഗ ലൈംഗികത കുറ്റകൃത്യമാക്കിയ 377ാം വകുപ്പും 2018ലാണ് റദ്ദാക്കിയത്.
എന്നാൽ അത് റദ്ദാക്കിയപ്പോൾ ഉഭയസമ്മതമില്ലാത്ത സ്വവർഗരതിക്കെതിരെയും കുറ്റം ചുമത്താൻ വകുപ്പില്ലാതായി. ആ വകുപ്പ് ഭേദഗതിയോടെ പുനഃസ്ഥാപിക്കാനാണ് സമിതി നിർദേശം.
സാമൂഹികസേവനം, ജീവപര്യന്തം എന്നീ ശിക്ഷാമുറകളുടെ നിർവചനത്തിൽ കുറെക്കൂടി വ്യക്തത വരുത്തണമെന്നും കരട് റിപ്പോർട്ടിലുണ്ട്. അന്തിമ റിപ്പോർട്ട് സമിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.