ന്യൂഡൽഹി: ദത്തെടുക്കൽ സംബന്ധിച്ച് ഏകീകൃതവും സമഗ്രവുമായ നിയമനിർമാണം നടപ്പാക്കുന്നതിന് ഹിന്ദു അഡോപ്ഷൻസ് ആന്റ് മെയിന്റനൻസ് ആക്ടും ജുവനൈൽ ജസ്റ്റിസ് ആക്ടും സംയോജിപ്പിക്കേണ്ടതുണ്ടെന്ന് പാർലമെന്ററി സമിതിയുടെ ശിപാർശ. തിങ്കളാഴ്ച ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ദത്തെടുക്കൽ ഏകീകൃതമായി നടപ്പാക്കുന്നതിന് പുതിയ നിയമത്തിൽ എല്ലാ മതങ്ങളെയും എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെയും ഉൾപ്പെടുത്തണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാവ് സുശീൽ മോദിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
പുതിയ നിയമം കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതും മതം നോക്കാതെ എല്ലാവർക്കും ബാധകമായിരിക്കണമെന്നും പാനൽ പറഞ്ഞു. ഗാർഡിയൻഷിപ്പ് ആൻഡ് അഡോപ്ഷൻ നിയമങ്ങളുടെ അവലോകന റിപ്പോർട്ടിൽ ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ടിനും (എച്ച്.എ.എം.എ) ജുവനൈൽ ജസ്റ്റിസ് ആക്ടിനും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരമുള്ള ദത്തെടുക്കൽ നടപടിക്രമം ലളിതവും ജുവനൈർ ആക്ട് പ്രകാരമുള്ള ദത്തെടുക്കലിനേക്കാൾ സമയം ലാഭിക്കുന്നതുമാണ്. എന്നാൽ സമയലാഭം മാറ്റി നിർത്തിയാൽ ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ദത്തെടുക്കൽ എച്ച്.എ.എം.എ ആക്ടിനേക്കാൾ കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം പോരായ്മകളും ഗുണങ്ങളും കണക്കിലെടുത്ത് രണ്ട് നിയമങ്ങളും യോജിപ്പിച്ച് ദത്തെടുക്കലിന് ഏകീകൃതവും സമഗ്രവുമായ ഒരു നിയമനിർമാണം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.