ചെന്നൈ: വിമാനത്തിന്റെ എമർജൻസി വാതിൽ അനാവശ്യമായി യാത്രക്കാരൻ തുറക്കുകയും യാത്രക്കാരിൽ പരിഭ്രാന്തിക്കിടയാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബർ 10ന് ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്ന വിമാനം ഉയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം.
ബംഗളൂരു സൗത്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്നും റിപ്പോർട്ടുണ്ട്. തൊട്ടടുത്ത സീറ്റിൽ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയും ഉണ്ടായിരുന്നു. വിമാനത്തിലെ സുരക്ഷാ പ്രോട്ടോകോൾ സംബന്ധിച്ച കാബിൻ ജീവനക്കാരുടെ വിശദീകരണത്തിന് ശേഷമാണ് തേജസ്വി സൂര്യ ലിവർ വലിച്ച് വാതിൽ തുറന്നത്. ഇതോടെ സുരക്ഷാനടപടികളുടെ ഭാഗമായി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ബസിലിരുത്തി. പിന്നീട് വിവിധ പരിശോധനകൾക്കുശേഷം രണ്ടു മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
വിമാന ജീവനക്കാരോട് എം.പി മാപ്പ് പറഞ്ഞതിനാൽ ഇതേ വിമാനത്തിൽ മറ്റൊരു സീറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു. കുറ്റക്കാർ ബി.ജെ.പി നേതാക്കളായതിനാലാണ് വിമാനക്കമ്പനി അധികൃതർ വിഷയം ഉന്നതകേന്ദ്രങ്ങളെ അറിയിക്കാത്തതെന്നും ആരോപണമുണ്ട്.
നേരത്തെ ബി.ജെ.പിയിലുണ്ടായിരുന്ന ഡി.എം.കെ വക്താവ് ബി.ടി. അരസകുമാറും ഇതേ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലെ എമർജൻസി വാതിലിൽ വായുചോർച്ചയുണ്ടായി എന്നാണ് വിമാനത്തിലെ യാത്രക്കാരോട് ജീവനക്കാർ പറഞ്ഞത്. അടിയന്തര വാതിൽ തുറന്നതിനെ കുറിച്ച് 2022 ഡിസംബർ 29ന് തമിഴ്നാട് വൈദ്യുതിമന്ത്രി വി. സെന്തിൽ ബാലാജി ട്വീറ്റ് ചെയ്തതോടെയാണ് വിഷയം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.