ന്യൂഡൽഹി: ട്രെയിനുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നതിന് ജി.പി.എസ് സംവിധാനം സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന്‍റെ നിർദേശം. കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലാണ് ഇതു സംബന്ധിച്ച നിർദേശം 16 റെയിൽവേ സോണുകൾക്കും നൽകിയത്. റെയിൽവേയുടെ സമയക്രമവും സുരക്ഷയും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റിയൽ ടൈം പൻച്യുവാലിറ്റി മോണിറ്ററിങ് ആൻഡ് അനാലിസിസ് (ആർ.പി.എം.എ) സംവിധാനം രാജ്യത്ത് നടപ്പാക്കുന്നത്.
തുടക്കത്തിൽ ഡൽഹി^ഹൗറാ, ഡൽഹി^ മുംബൈ റൂട്ടിൽ ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരും. തുടർന്ന് ഘട്ടങ്ങളായി രാജ്യത്തെ എല്ലാ റെയിൽവേ സോണുകളിൽ പുതിയ സംവിധാനം നടപ്പാക്കും. കഴിഞ്ഞ ഒക്ടോബറിൽ പുതിയ ജി.പി.എസ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ മുഗൾസരൈ ഡിവിഷനിൽ നടപ്പാക്കിയത് വിജയകരമായിരുന്നു.
ട്രെയിനിന്‍റെ സമയക്രമവും സ്ഥലവും കണ്ടെത്താനായി നിലവിൽ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻ.ടി.ഇ.എസ്) ആണ് റെയിൽവേ ഉപയോഗിക്കുന്നത്. ഈ സംവിധാനത്തിൽ മാനുവൽ ആയാണ് ഉദ്യോഗസ്ഥർ സമയവും സ്ഥലവും രേഖപ്പെടുത്തുന്നത്. ട്രെയിനുകൾ ഒാരോ സ്റ്റേഷനുകൾ പിന്നിടുമ്പോൾ അതാത് സ്റ്റേഷൻ മാസ്റ്റർമാർ സമയം എൻ.ടി.ഇ.എസ് കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനത്തോടെ സമയം ലാഭിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.