ന്യൂഡൽഹി: ബാബരി മസ്ജിദ് പൊളിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ സുപ്രീംകോടതി തർക്കഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ അന്തിമവാദം തുടങ്ങുന്നു. 1992 ഡിസംബർ ആറിനാണ് പള്ളി പൊളിച്ചത്. അന്തിമവാദം ആരംഭിക്കുന്നത് വാർഷികത്തിെൻറ തലേന്നായ അടുത്തമാസം അഞ്ചിന്.
അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ച് 2010ൽ വിധിച്ചത് ബാബരി പള്ളി നിലനിന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഢക്കും രാംലല്ലക്കും തുല്യമായി വീതിച്ചുനൽകണമെന്നാണ്. ഇതിനെതിരായ 13 അപ്പീലുകളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. കേസിന് ഉപോൽബലകമായ തെളിവുകൾ ഇംഗ്ലീഷിലാക്കി സമർപ്പിക്കാൻ കക്ഷികൾക്ക് നൽകിയ സമയപരിധി ഇക്കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചു. ആയിരക്കണക്കിന് പേജുകൾ വരുന്ന ചരിത്രപരമായ തെളിവുകൾ ഉർദു, അറബിക്, ഹിന്ദി, പേർഷ്യൻ ഭാഷകളിലുള്ളതാണ്. 256 രേഖകളാണ് ആകെയുള്ളത്.
1996 മുതൽ 2007 വരെയായി 86 സാക്ഷികൾ നൽകിയ മൊഴികളുമുണ്ട്. കക്ഷികൾ ഒാരോരുത്തരായി സമർപ്പിക്കുന്ന ഇംഗ്ലീഷ് പരിഭാഷ എതിർകക്ഷികൾക്ക് ഒത്തുനോക്കാൻ കൈമാറും. ഇതിനിടെ, കേസിൽ കക്ഷിചേരാൻ യു.പി ശിയ വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തകർക്കപ്പെട്ട ബാബരി മസ്ജിദ് ശിയ പള്ളിയാണെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് സുപ്രീംകോടതിയിൽ ഇൗ വാദം മുൻനിർത്തി 30 പേജ് സത്യവാങ്മൂലം നൽകുകയും ചെയ്തു. എന്നാൽ, അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ചിെൻറ വിധിയിൽ, തർക്കഭൂമിയിൽ ശിയ വഖഫ് ബോർഡിന് ഒാഹരി നൽകിയിട്ടില്ലെന്നും അവർ ഏർപ്പെടുന്ന മധ്യസ്ഥ ചർച്ചകൾക്കോ കരാറിനോ സാധുതയില്ലെന്നും സുന്നി വഖഫ് ബോർഡ് വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.