പാറ്റ്ന: എൽ.ജെ.പി നേതാവ് രാം വിലാസ് പാസ്വാന്‍റെ മരണത്തെതുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ ബി.ജെ.പി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. മകൻ ചിരാഗ് പാസ്വാൻ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ചതും എൽ.ജെ.പിയുടെ ശക്തി ചോർച്ചയും ജെ.ഡി.യുവിന്‍റെ താത്പര്യമില്ലായ്മയും കണക്കിലെടുത്താണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന.
രാംവിലാസ് പാസ്വാന്‍റെ മരണ ശേഷം മകൻ ചിരാഗായിരുന്നു പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. എന്നാൽ നിർണായക ശക്തിയാവുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് ചിരാഗിന് കീഴിൽ ബിഹാറിൽ എൽ.ജെ.പി നേരിട്ടത്.
എന്നാൽ കേന്ദ്രത്തിൽ എൻ.ഡി.എക്കുള്ള പിന്തുണ എൽ.ജെ.പി തുടരുന്നുണ്ട്. പാസ്വാന്‍റെ മരണ ശേഷം എൽ.ജെ.പിക്ക് തന്നെ അവകാശപ്പെട്ട രാജ്യസഭ സീറ്റാണ്. എൽ.ജെ.പിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന് തിരിച്ചടിയായതാണ് അവർക്ക് താത്പര്യമില്ലാത്തതിന് പിന്നിൽ.
അതേസമയം ചിരാഗിന്‍റെ അമ്മ റീന പാസ്വാന്‍റെ പേര് രാജ്യസഭാ സീറ്റിലേക്ക് ഉയർന്നിട്ടുണ്ട്. പക്ഷേ ബി.ജെ.പിയുടെ നിലപാട് അനുസരിച്ചായിരിക്കും സ്ഥാനാർഥിയെ നിശ്ചയിക്കുക. 243 അംഗങ്ങളുള്ള സഭയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് രാജ്യസഭാ സീറ്റ് നിലനിർത്താൻ 122 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്.
സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 14 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും, ഡിസംബർ 3ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. എൻ.ഡി.എ ധാരണ പ്രകാരം 2019 ലോക്‌സഭാ സീറ്റ് വിഭനത്തിൽ ആറ് ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭ സീറ്റും എൽ.ജെ.പിക്ക് നൽകിയിരുന്നു. സീറ്റുകളിൽ എൽ.ജെ.പി വിജയിച്ചിരുന്നു.
'ബി.ജെ.പിയുടെ നിലപാട് അറിയാതെ സ്ഥാനാർത്ഥിത്വം നിർണയിക്കില്ലെന്ന് എൽ.ജെ.പി വൃത്തങ്ങൾ പറഞ്ഞു. ജെ.ഡി.യു ഞങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ സാധ്യത കുറവാണ്, അതിനാൽ ഞങ്ങൾ സ്ഥാനാർത്ഥിയെ നിർത്താൻ സാധ്യത കുറവാണ്," പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം സീറ്റ് ബി.ജെ.പി ഏറ്റെടുക്കുകയാണെങ്കിൽ ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ, മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, റിതുരാജ് സിൻഹ, രാജ്യസഭാ അംഗം കെ. സിൻഹ മകൻ എന്നിവരെ സ്ഥാനാർഥിയായി പരിഗണിച്ചേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.