ന്യൂഡൽഹി: 2019ൽ രാജ്യത്ത് ചർച്ചയായ വിഷയങ്ങളിലൊന്നായിരുന്നു ഇസ്രയേൽ സ്പൈവെയറായ പെഗസസ്. ഇസ്രയേൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എസ്.ഒ ഗ്രൂപ്പാണ് പെഗസസിന് പിന്നിൽ. വാട്സ്ആാപ് േകാളിലൂടെ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്ന ഈ സ്പൈവെയറിനെക്കുറിച്ച് വാട്സ്ആപ് തന്നെ വിവരങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. ആഗോളതലത്തിൽ 1400ഓളം ഉപയോക്താക്കളുടെ ഫോൺ ഇത്തരത്തിൽ ചോർത്തിയെന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ട്.
നയതന്ത്രജ്ഞർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഈ കെണിയിൽ അകപ്പെട്ടിരുന്നു. ഇന്ത്യൻ ഉപയോക്താക്കളും ഇതിന്റെ ലക്ഷ്യത്തിലുണ്ടായിരുന്നു. ഇന്ത്യയിലെ രണ്ടു ഡസനോളം മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ദലിത് ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗസസ് ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്. കേന്ദ്രസർക്കാർ പെഗസസിനെ ദുരുപയോഗം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട് പെഗസസിനെക്കുറിച്ച് കൂടുതൽ റിേപ്പാർട്ടുകൾ പുറത്തുവന്നിരുന്നില്ലെങ്കിലും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് എം.പിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യ സ്വാമിയുടെ ട്വീറ്റിലൂടെ വീണ്ടും പെഗസസ്.
പെഗസസ് നരേന്ദ്രമോദി സർക്കാറിലെ മന്ത്രിമാരുടെയും ആർ.എസ്.എസ് നേതാക്കളുടെയും സുപ്രീംകോടതി ജസ്റ്റിസുമാരുടെയും ഫോണുകൾ ടാപ്പ് ചെയ്യുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇതിന്റെ വിവരങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടെന്നും സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിൽ പറയുന്നു.
'ഇന്ന് വൈകുന്നേരം വാഷിങ്ടൺ േപാസ്റ്റ്, ലണ്ടൻ ഗാർഡിയൻ തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രായേൽ കമ്പനിയായ പെഗസസ് മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർ.എസ്.എസ് നേതാക്കൾ, സുപ്രീംകോടതി ജസ്റ്റിസുമാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തുന്നുവെന്ന അഭ്യൂഹങ്ങളുടെ റിപ്പോർട്ട് പുറത്തുവിടും. ഇത് സ്ഥിരീകരിച്ചാൽ ഞാൻ പട്ടിക പ്രസിദ്ധീകരിക്കും' -എന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ്.
സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിന് കീഴിൽ തൃണമൂൽ നേതാവും രാജ്യസഭ എം.പിയുമായ ഡെറിക് ഒബ്രിയാൻ മറുപടിയുമായെത്തി. ഈ ഫോൺ ചോർത്തൽ പ്രതിപക്ഷത്തെ പല അംഗങ്ങളെയും ലക്ഷ്യമാക്കിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കോൺഗ്രസ് എം.പിയായ കാർത്തി ചിദംബരവും പെഗസസിനെ പരാമർശിച്ച് രംഗത്തെത്തി. 'പെഗസസ് ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അഭീജ്ഞ വൃത്തങ്ങൾ അറിയിച്ചു' എന്ന നിഗൂഡമായ ട്വീറ്റാണ് കാർത്തി ചിദംബരം പങ്കുവെച്ചത്.
മുതിർന്ന മാധ്യമപ്രവർത്തക ഷീല ഭട്ട് ശനിയാഴ്ച രാത്രി ഒരു ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഇത് വളരെ വലിയ ഒരു കഥയായിരിക്കുമെന്നായിരുന്നു അവരുടെ ട്വീറ്റ്. കൂടാതെ ഇതിൽ ഇന്ത്യൻ മാധ്യമങ്ങളുടെ സഹകരണമുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ ഈ റിപ്പോർട്ട് ഞായറാഴ്ച രാത്രി 11.59ന് പുറത്തുവിടുമെന്നും പറയുന്നു.
2019ൽ പെഗസസ് ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ അന്നത്തെ കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് കേന്ദ്രസർക്കാർ പെഗസസ് പോലുള്ള ഏജൻസികളെ അനധികൃതമായി ഉപയോഗിച്ചിട്ടില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.