വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ സംസാരിക്കണം -അമിത് ഷാ

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്‍ററി ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.

'ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം'- അമിത് ഷാ പറഞ്ഞു.

എന്നാല്‍ താൻ പറയുന്നത് പ്രാദേശിക ഭാഷകളെക്കുറിച്ചല്ലെന്നും ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ സ്വീകരിച്ച് ഹിന്ദി ഭാഷ കൂടുതല്‍ ലളിതമാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയില്‍ പ്രാഥമിക പരിജ്ഞാനം നല്‍കണം. ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. മന്ത്രിസഭാ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു ഭാഷ എന്ന ഹിന്ദുത്വ ആശയത്തിനെതിരെ നേരത്തേ തന്നെ തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങളിൽനിന്ന് രൂക്ഷമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള കവയത്രി കൂടിയായ കനിമൊഴി എം.പി പാർലമെന്റിൽ അടക്കം ഭാഷ വിഷയത്തിൽ പലപ്പോഴും ബി.ജെ.പി ഉന്നതരുമായി ഏറ്റുമുട്ടാറുണ്ട്. 

Tags:    
News Summary - People from different states should speak in Hindi, not English: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.