'എസ്.എ.ആർ ഗീലാനിയുടെ മരണശേഷവും ഫോൺ ചോർത്തി'; പെഗസസ് വിവാദത്തിൽ വെളിപ്പെടുത്തലുമായി മകൾ

ന്യൂഡൽഹി: പാർലമെന്‍റ് ആക്രമണ കേസിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി സർവകലാശാല അധ്യാപകനുമായിരുന്ന എസ്.എ.ആർ ഗീലാനിയുടെ മരണശേഷവും അദ്ദേഹത്തിന്‍റെ ഫോൺ ചോർത്തിയെന്ന് മകൾ നുസ്രത്ത് ഗീലാനി. മരിച്ചില്ലെങ്കിൽ അദ്ദേഹത്തെ വീണ്ടും കള്ളക്കേസിൽ കുടുക്കുമായിരുന്നു. ഗീലാനി മരിക്കുന്നതിന് ഒരു മാസം മുമ്പ് നിരവധി തവണ ഫോൺ ഹാക്ക് ചെയ്തതായും നുസ്രത്ത് ഗീലാനി വെളിപ്പെടുത്തി.

വ്യാജ ഏറ്റുമുട്ടലിൽ ഭരണകൂടം കൊലപ്പെടുത്തിയേക്കുമെന്ന് ഗീലാനി ഭയപ്പെട്ടിരുന്നു. പാർലമെന്‍റ് ആക്രമണ കേസിൽ വിട്ടയച്ച ശേഷവും ചിലർ പിതാവിനെ പിന്തുടർന്നുവെന്നും നുസ്രത്ത് ഗീലാനി മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇസ്രായേൽ സോഫ് വെയർ ഉപയോഗിച്ചുള്ള ചാരവൃത്തിയുടെ പശ്ചാത്തലത്തിലാണ് നുസ്രത്ത് ഗീലാനി പ്രതികരണവുമായി രംഗത്തെത്തിയത്. പെഗസസ് ചാരവൃത്തിയുടെ ഭാഗമായി ഇന്ത്യയിലെ 300 പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്നാണ് വിവരം. ഇതിൽ 136 പേരുടെ പേരുവിവരങ്ങൾ 'ദി വയർ' പുറത്തുവിട്ടിരുന്നു. 10 പേരുടെ ഫോണിൽ പെഗസസ് ഉപയോഗം നടന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ സ്വിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാളാണ് എസ്.എ.ആർ ഗീലാനി.

2017 മുതൽ ഗീലാനിയുടെ ഫോൺ ചോർത്തിയെന്നാണ് കണ്ടെത്തൽ. ഗീലാനി മരിക്കുന്നതിന് ഒരു മാസം മുമ്പ് വരെ നിരന്തരം ഫോൺ ചോർത്തിയെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഗീലാനി മരിച്ച ശേഷവും അദ്ദേഹത്തിന്‍റെ ഫോൺ ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി മെയിലുകൾ വന്നിരുന്നതായും നുസ്രത്ത് ഗീലാനി വെളിപ്പെടുത്തുന്നു.

പാർലമെന്‍റ് ആക്രമണ കേസിൽ പ്രതി ചേർക്കപ്പെട്ട എസ്.എ.ആർ ഗീലാനിയെ പിന്നീട് സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റവിമുക്തനാക്കിയ ശേഷവും കേന്ദ്ര ഏജൻസികൾ തന്നെ പിന്തുടരുന്നതായി 2004ൽ സുപ്രീംകോടതിയിലും ഡൽഹി ഹൈകോടതിയിലും നൽകിയ സത്യവാങ്മൂലത്തിൽ ഗീലാനി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഇത് ഭാവനാസൃഷ്ടി മാത്രമാണെന്ന് വ്യക്തമാക്കി കോടതികൾ തള്ളുകയായിരുന്നു. തുടർന്ന് 2005ൽ ഗീലാനിക്ക് നേരെ വധശ്രമമുണ്ടായി. അഞ്ചു വെടിയുണ്ടകൾ ശരീരത്തിൽ പതിച്ചു. ഇതിൽ രണ്ടെണ്ണം നീക്കം ചെയ്യുകയും ബാക്കിയുള്ളവ മരണം വരെ അദ്ദേഹത്തിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Phone leaked after SAR Geelani's death; Nusrat Geelani with revelation in Pegasus controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.