മുംബൈ: കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ തുറന്നു. എട്ടുമാസത്തോളമായി ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.
ശനിയാഴ്ച ആരാധനാലയങ്ങൾ തുറക്കുന്ന വിവരം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. ഷിർദ്ദി സായ് ബാബ ക്ഷേത്രം, മഹിം ദർഗ, മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം തുടങ്ങിയ പ്രശസ്ത ആരാധനാലയങ്ങളും തുറന്നു.
ഞായറാഴ്ച രാത്രി തുറന്ന ആരാധനാലയങ്ങളും പരിസരവുമെല്ലാം അണുവിമുക്തമാക്കി. തുടർന്ന് തിങ്കളാഴ്ച വെളുപ്പിന് ഭക്തർക്കായി തുറന്നുനൽകുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ആരാധന അനുവദിക്കൂ. അതേസമയം കണ്ടെയ്ൻമെൻറ് സോണുകളിലെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകില്ല. രോഗലക്ഷണമുള്ളവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. മാസ്ക് കൃത്യമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷമേ പ്രവേശനം അനുവദിക്കൂ.
വിഗ്രഹം, വിശുദ്ധ ഗ്രന്ഥങ്ങൾ തുടങ്ങിയവ തൊടാൻ അനുവദിക്കില്ല. സംഗീതം ആലപിക്കാനും മറ്റും അനുമതി നൽകില്ല. മിക്കയിടങ്ങളിലും ഓൺലൈനായി ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശനത്തിന് അനുവദിക്കൂ.
മാർച്ച് 24 മുതൽ രാജ്യമെമ്പാടും ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതേസമയം മണ്ഡലമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തിങ്കളാഴ്ച തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.