കോലുമിഠായി ഇനി ഓർമയാകുമോ? പുതിയ കേന്ദ്ര നിയമം ജനുവരി ഒന്നുമുതൽ

ന്യൂഡൽഹി: കുട്ടികൾ ഏറെ ഇഷ്​ടപ്പെടുന്ന കോലുമിഠായി ഇനി ഓർമ മാത്രമാകുമോ? 2022 ജനുവരി ഒന്നിന്​ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ നിയമം കോലുമിഠായിയുടെ അന്തകനായേക്കും. പ്ലാസ്റ്റിക്​ മാലിന്യം കുറക്കുന്നതിന്‍റെ ഭാഗമായി മിഠായി, ഐസ്‌ക്രീം, ബലൂൺ തുടങ്ങിവയുടെ പ്ലാസ്റ്റിക് പിടിക്ക്​ നിരോധനം ഏർപ്പെടുത്താനാണ്​ കേന്ദ്ര സർക്കാർ നീക്കം. മരം ഉ​പയോഗിച്ചോ മറ്റോ ഉള്ള ബദൽ പിടി കണ്ടുപിടിച്ചില്ലെങ്കിൽ മിഠായിക്കൊതിയൻമാരുടെ കാര്യം പരുങ്ങലിലാവും.

2022 ജനുവരി 1നകം ഇവ ഒഴിവാക്കാനാണ്​ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്‍റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്.

കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ 2022 ജനുവരി 1 നകം നിരോധിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പ്ലാസ്റ്റിക് പിടിയുള്ള ഇയര്‍ബഡുകള്‍, ബലൂണുകളുടെ പ്ലാസ്റ്റിക് സ്റ്റിക്​, പ്ലാസ്റ്റിക് പതാക, മിഠായി- ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവയാണ്​ ജനുവരി 1ന് നിരോധിക്കുക. 120 മൈക്രോണില്‍ താഴെയുള്ള കാരി ബാഗുകള്‍ 60 ജിഎസ്‌എം, 240 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ എന്നിവ ഈ വര്‍ഷം സെപ്റ്റംബര്‍ 30 ഓടെ നിരോധിക്കുമെന്നും മന്ത്രി അറിയിച്ചു.

2016ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരട് രേഖ മാര്‍ച്ച്‌ 11 ന് കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.

2022 ജൂലൈ 1 മുതല്‍ അടുത്തഘട്ടം നടപ്പിൽ വരുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രം, സ്​പൂൺ, കോരികള്‍, കപ്പുകള്‍, കത്തി, ട്രേ, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും കടലാസും, തെര്‍മോകോള്‍, ബാനറുകള്‍ തുടങ്ങിയവക്കാണ്​ ഈ ഘട്ടത്തിൽ നിരോധനം ഏർപ്പെടുത്തുക.

ഉപയോഗിച്ച്​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്​ പുതിയ നിര്‍ദ്ദേശം. പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെയും അനുബന്ധ വ്യവസായ മേഖലകളിലുള്ളവരുടേയും അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും കരടിന് അന്തിമ രൂപം നല്‍കുക. 

Tags:    
News Summary - Plastic Sticks Used In Balloons, Candies May Be Banned From Next January: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.