ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിയെ പിൻപറ്റി രാജ്യത്തെ മുഴുവൻ ആരാധനാലയങ്ങളിലും ആർത്തവ സമയത്തും അല്ലാത്തപ്പോഴും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ പൊതു താത്പര്യ ഹരജി.
ആറ്റുകാൽ, ചക്കുളത്ത് കാവ്, അസാമിലെ കാമാഖ്യ തുടങ്ങിയ ക്ഷേത്രങ്ങളിൽ പുരുഷൻമാരെ പ്രവേശിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശി സഞ്ജീവ് കുമാർ ആണ് പത്തോളം ആവശ്യങ്ങളുന്നയിച്ച് ഹരജി നൽകിയത്.
പുരുഷൻമാർക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളിൽ ആർത്തവ സമയത്തും അല്ലാത്തപ്പോഴും സ്ത്രീ പ്രവേശനവും സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളിൽ പുരുഷ പ്രവേശനവും വേണം, ആർത്തവകാലത്ത് മുസ്‌ലീം സ്ത്രീകളെ പള്ളികളിലും ഹിന്ദു സ്ത്രീകളെ അടുക്കളയിലും കയറാൻ അനുവദിക്കണം, സ്ത്രീകൾക്ക് എല്ലായിടത്തും പ്രാർത്ഥിക്കാനും ആർത്തവകാലത്ത് മുസ്‌ലീം സ്ത്രീകൾക്ക് നോമ്പ് നോൽക്കാനും അനുമതി നൽകണം എന്നീ ആവശ്യങ്ങളും ഹരജിയിൽ മുന്നോട്ടു വെക്കുന്നുണ്ട്.
മുസ്‌ലീം സ്ത്രീകളെ ഇമാം ആകാനും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുക്കാനും അനുവദിക്കണം, ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും ആകാനും ക്രിസ്ത്യൻ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാനും അനുവദിക്കണം, എല്ലാ മതത്തിലുമുള്ള സ്ത്രീകൾക്കും സോരാഷ്ട്രീയൻ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകണം എന്നിവയാണ് ഹരജിയിലെ മറ്റ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.