സുപ്രീംകോടതി

സി.എ.എ ഹരജികൾ: മൂന്നാഴ്ചക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജികളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. ഇതിനിടയിൽ പൗരത്വം നൽകുന്ന നടപടികളിലേക്ക് സർക്കാർ കടന്നാൽ ഹരജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാം. 

സി.എ.എയെ ചോദ്യംചെയ്തുകൊണ്ട് 237 ഹരജികളും 20 സ്റ്റേ അപേക്ഷകളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹരജിക്കാരിലൊരാളായ മുസ്ലിം ലീഗിന് വേണ്ടി ഹാജരായി. 

ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികൾ മുൻവിധിയോടെയെന്നും കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ വാദിച്ചു. ഉപഹരജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച സാവകാശം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അങ്ങിനെയെങ്കിൽ ഇടക്കാല സ്റ്റേ വേണമെന്ന് കപിൽ സിബൽ വാദിച്ചു.

നാല് വർഷത്തിന് ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ ഹരജികൾ നിലനിൽക്കില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ നിലവില്‍ വന്നത് ഇപ്പോഴാണ്, അതിനാലാണ് സ്‌റ്റേ ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രത്തിന് സാവകാശം ചോദിക്കാൻ അവകാശം ഉണ്ടെന്ന് പറഞ്ഞ കോടതി മൂന്നാഴ്ച സമയം അനുവദിക്കുകയായിരുന്നു.

മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, കേരള സർക്കാർ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര, ജയ്റാം രമേശ്, അസദുദ്ദീൻ ഉവൈസി, മുസ്ലീം സംഘടനകള്‍ ഉൾപ്പെടെ വിവിധ സംഘടനകൾ തുടങ്ങിയവരാണ് ഹരജിക്കാർ. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ പറയുന്നു. 

സി.എ.എ 2019ൽ പാർലമെന്‍റ് പാസാക്കിയപ്പോൾ തന്നെ ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 237 ഹരജികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. ചട്ടങ്ങളുണ്ടാക്കാനോ നിയമം നടപ്പാക്കാനോ ഇപ്പോൾ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് അന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിനെ തുടർന്ന് വാദം കേൾക്കാതെ സുപ്രീംകോടതി നീട്ടിവെച്ചു. ഹരജികൾ സുപ്രീംകോടതി കേൾക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് വിവാദ നിയമം നടപ്പാക്കാൻ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേ​ന്ദ്രം പൗരത്വ അപേക്ഷക്ക് വെബ്സൈറ്റും ആപ്പും തുറക്കുകയും ചെയ്തു. 

മാർച്ച് 11നാണ് രാജ്യത്ത് സി.എ.എ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകൾ ഒഴികെയുള്ള, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധ, ജൈന വിഭാഗക്കാർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.

Tags:    
News Summary - Plea To Stay Citizenship Amendment Act Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.