ന്യൂഡൽഹി: അടുത്ത സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 രാഷ്ട്രനേതാക്കളുടെ ഉച്ചകോടി സംബന്ധിച്ച അഭിപ്രായം തേടി കേന്ദ്ര സർക്കാർ. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിമാർ, രാഷ്ട്രീയ പാർട്ടി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ ഒന്നിനാണ് ജി20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ എത്തിയത്. ഒരുവർഷം നീളുന്ന പരിപാടികൾക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ രൂപരേഖ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യോഗത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിമാരായ മമത ബാനർജി, നവീൻ പട്നായിക്, ഏകനാഥ് ഷിൻഡെ, അരവിന്ദ് കെജ്രിവാൾ, ജഗൻമോഹൻ റെഡ്ഡി, എം.കെ. സ്റ്റാലിൻ, പ്രേംസിങ് തമാങ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, രാജ്നാഥ്സിങ് തുടങ്ങിയവർ പങ്കെടുത്തു.
2023 സെപ്റ്റംബർ ഒമ്പത്, 10 തീയതികളിലാണ് ജി20 ഉച്ചകോടി ഡൽഹിയിൽ നടക്കുന്നത്. അർജന്റീന, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യു.കെ, യു.എസ്, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ജി20 അംഗരാജ്യങ്ങൾ.
സമ്പന്ന രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധികളുടെ ഭാരം വികസ്വര രാജ്യങ്ങളുമായി പങ്കിടാൻ കണ്ടെത്തിയ ഏർപ്പാടാണ് ജി20 എന്ന് യോഗത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു. ഇത് ഇന്ത്യയിലെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഭരണഘടന സങ്കൽപങ്ങൾക്ക് അനുസൃതമായി നീങ്ങുകയും സൗഹാർദത്തിന്റെ അന്തരീക്ഷമുണ്ടാക്കി സാമ്പത്തിക പുരോഗതിയിലേക്ക് രാജ്യത്തെ നയിക്കുകയെന്ന കാതലായ ദൗത്യം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് യെച്ചൂരി പറഞ്ഞു.
ജി20 ലോഗോയിൽ താമര ഒഴികെ മറ്റേതെങ്കിലും ചിഹ്നം ഉപയോഗിക്കാമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ ചിഹ്നം കൂടിയാണ് താമരയെന്നിരിക്കേ, അത് ലോഗോയിൽ ഉൾപ്പെടുത്തിയതിനെതിരായ വിമർശനങ്ങൾ കാര്യഗൗരവമില്ലാത്തതല്ലെന്ന് മമത പറഞ്ഞു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ ചിന്തിക്കണം. രാജ്യത്തിന്റെ പൊതുവായ കാര്യമായതിനാൽ കൂടുതലൊന്നും പറയുന്നില്ല. രാജ്യത്തിന് പുറത്തേക്ക് ചർച്ച പോകുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്നും മമത പറഞ്ഞു. ബി.ജെ.പിയുടെ പ്രചാരണത്തിനാണ് താമര, ലോഗോയുടെ ഭാഗമാക്കിയതെന്ന് നേരത്തെ കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. താമരക്കുമുകളിൽ കറങ്ങുന്ന ഭൂഗോളവും ദേശീയപതാകയുടെ നിറങ്ങളും ഉൾച്ചേർന്നതാണ് ഇന്ത്യ തയാറാക്കിയ ജി20 ലോഗോ.
പ്രതീക്ഷ, സൗഹാർദം, അനുതാപം എന്നിവയോടെ ആഗോള വെല്ലുവിളികൾ കൂട്ടായി നേരിടണമെന്നും അംഗരാജ്യങ്ങളുടെ പിന്തുണയില്ലാതെ ജി20 ഫലപ്രദമാവില്ലെന്നും ജി20 രാജ്യങ്ങളിലെ ഷേർപകളുടെ ആദ്യ യോഗത്തിൽ ഇന്ത്യയുടെ ഷേർപ അമിതാഭ് കാന്ത് പറഞ്ഞു. ആധാർ, യു.പി.ഐ, അക്കൗണ്ടിലേക്ക് നേരിട്ടുള്ള പണകൈമാറ്റം എന്നീ ഇന്ത്യയുടെ സംരംഭങ്ങൾ നല്ലൊരു പങ്ക് ജനങ്ങളെ ദാരിദ്ര്യ രേഖക്കു മുകളിൽ കൊണ്ടുവരാൻ സഹായിച്ചെന്നും അദ്ദേഹം വിലയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥ മാറ്റം, സാങ്കേതിക പരിവർത്തനം തുടങ്ങി വിവിധ വിഷയങ്ങളിൽ അംഗരാജ്യങ്ങളുടെ കാഴ്ചപ്പാട് തേടുന്നതിന്റെ തുടക്കമാണ് ഷേർപ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.