ബംഗളൂരു: ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തിയ ചന്ദ്രയാൻ-മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ ഇടത്തിന് ‘ശിവശക്തി പോയന്റ്’ എന്നു പേരിട്ടു. ചന്ദ്രയാൻ- രണ്ട് ദൗത്യത്തിലെ ലാൻഡർ ഇടിച്ചിറങ്ങിയ ചന്ദ്രനിലെ ഭാഗം ‘തിരംഗ’ എന്ന് അറിയപ്പെടും.
ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലെത്തിയ ആഗസ്റ്റ് 23നെ ദേശീയ ബഹിരാകാശ ദിനമായും ആചരിക്കും. ചരിത്രദൗത്യ വിജയത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കാൻ ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക് (ഇസ്ട്രാക്) കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള നിശ്ചയദാർഢ്യമാണ് ‘ശിവ’. ആ നിശ്ചയദാർഢ്യം നടപ്പാക്കാൻ നമുക്ക് പകരുന്നതാണ് ‘ശക്തി’. ശാസ്ത്രത്തിലൂടെ ജനങ്ങൾക്ക് ക്ഷേമം നൽകാൻ വരുംതലമുറക്ക് ‘ശിവശക്തി പോയന്റ്’ പ്രചോദനമാകുമെന്നും നമ്മുടെ പരമലക്ഷ്യം ജനക്ഷേമമാണെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ -മൂന്ന് ദൗത്യത്തിൽ വനിതാ ശാസ്ത്രജ്ഞർ പ്രധാന പങ്കുവഹിച്ചതും പ്രധാനമന്ത്രി ഓർമിച്ചു.
വിദേശ പര്യടനത്തിലായിരുന്ന പ്രധാനമന്ത്രി ഗ്രീസിലെ ആതൻസിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ബംഗളൂരുവിലെത്തിയത്. ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിക്ക് ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ പകർത്തിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് സമ്മാനിച്ചു. റോവറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രാഫിക്സിലൂടെ വിശദീകരിച്ചു. വിക്രം ലാൻഡർ ഒരു പടയാളിയെപ്പോലെയാണ് ചന്ദ്രനിൽ ചുവടുറപ്പിച്ചതെന്ന് മോദി വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.