പ്രധാനമന്ത്രി മോദി അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച വ്യക്തി -സഞ്ജയ് സിങ്ങിന്റെ അറസ്റ്റിൽ അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ. തല മുതൽ പാദം വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നായിരുന്നു കെജ്‍രിവാളിന്റെ ആരോപണം. മദ്യനയ അഴിമതിക്കേസിൽ എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെജ്‍രിവാളിന്റെ വിമർശനം.

മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനിനും പിന്നാലെ മദ്യനയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്ന മൂന്നാമമ്മെ എ.എ.പി നേതാവാണ് സഞ്ജയ് സിങ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്രസർക്കാർ കൂടുതൽ എ.എ.പി നേതാക്കളെ ജയിലിലടക്കുമെന്നാണ് കെജ്‍രിവാൾ കരുതുന്നത്.

''സഞ്ജയ് സിങ്ങിന്റെ അറസ്റ്റ് പൂർണമായും നിയമവിരുദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധൈര്യമില്ലായ്മയാണ് ഈ അറസ്റ്റിലൂടെ തെളിയുന്നത്. ''-എന്നാണ് കെജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. സഞ്ജയ് സിങ്ങിന്റെ കുടുംബാംഗങ്ങളുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തി.

''തീർത്തും വിശ്വാസ്യയോഗ്യമായ പാർട്ടിയാണ് എ.എ.പി. സത്യസന്ധത പുലർത്തുക എന്നത് എ​ത്രത്തോളം വിഷമം പിടിച്ചതാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഞങ്ങളും അവരെ പോലെ വഞ്ചനപരമായി പെരുമാറിയാൽ എല്ലാ പ്രശ്നവും തീരും. ഈ മദ്യനയ കേസുമായി ഇ.ഡി 1000ത്തിലേറെ റെയ്ഡുകൾ നടത്തി. നിരവധിയാളുകളെ അറസ്റ്റ് ചെയ്തു. എന്നാൽ അവർക്കെതിരെ ഒരു ചെറിയ തെളി​വെങ്കിലും ഹാജരാക്കാൻ സാധിച്ചിട്ടില്ല. തല മുതൽ പാദം വരെ അഴിമതി നിറഞ്ഞ വ്യക്തിയാണ് മോദി. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും അഴിമതിക്കാരനായ പ്രധാനമന്ത്രി മോദിയായിരിക്കും. ​''-കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദുഃഖിക്കരുത്, ധൈര്യമായിരിക്കൂ എന്നാശ്വസിപ്പിച്ച് അമ്മയുടെ കാൽ തൊട്ട് വന്ദിച്ചാണ് സഞ്ജയ് സിങ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. ഇതിന്റെ വിഡിയോയും എ.എ.പി പങ്കുവെച്ചിട്ടുണ്ട്. റെയ്ഡിനിടെ വീട്ടിൽ നിന്ന് ഇ.ഡിക്ക് ഒന്നും കിട്ടിയി​ട്ടില്ലെന്ന് സഞ്ജയ് സിങ്ങിന്റെ ഭാര്യ ആരോപിച്ചു. മദ്യനയക്കേസ് തീർത്തും ഭാവനപരമായ ഒന്നാണെന്നും 15 മാസമായി അതിൽ സൂക്ഷ്മപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഡൽഹി മ​ന്ത്രി സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - PM Modi Involved In Corruption From Head To Toe': Arvind Kejriwal Hits Out At Centre Over Sanjay Singh's Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.