ന്യൂഡൽഹി: വ്യാജവാർത്തകൾ തടയാനെന്ന പേരിൽ മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാൻ ശ്രമിച്ച സർക്കാർ പ്രതിഷേധത്തിെൻറ ചൂടറിഞ്ഞു. വ്യാജവാർത്തകൾ സംബന്ധിച്ച പരാതിയിൽ മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ വിവാദ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചു.
മാധ്യമ ലോകവും പൗരാവകാശ പ്രവർത്തകരും കടുത്ത വിമർശനം ഉയർത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് ഉത്തരവ് പിൻവലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പട്ടികജാതി, പട്ടികവർഗ നിയമത്തിൽ വെള്ളം ചേർത്ത വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകാൻ മടിച്ചുനിന്ന കേന്ദ്രസർക്കാറിനോടുള്ള രോഷത്തിൽ ഭാരത് ബന്ദ് നടന്നതിന് പിന്നാലെയാണിത്.
പ്രധാനമന്ത്രിയായിരിക്കേ ‘പത്രമാരണ’ ബിൽ കൊണ്ടുവന്ന് രാജീവ്ഗാന്ധി പുലിവാൽ പിടിച്ചതിനെ ഒാർമിപ്പിക്കുന്നതാണ് മോദിസർക്കാറിെൻറ ‘വാർത്താമാരണ’ ഉത്തരവ്. വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ മാധ്യമ പ്രവർത്തകർക്കു സർക്കാർ നൽകുന്ന പ്രസ് അക്രഡിറ്റേഷൻ റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് തിങ്കളാഴ്ച രാത്രി ഇറങ്ങിയ അറിയിപ്പ്.
അച്ചടി മാധ്യമങ്ങളിൽ വ്യാജവാർത്ത വന്നുവെന്ന് പരാതി കിട്ടിയാൽ അത് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ പരിശോധിക്കുമെന്നായിരുന്നു ഒരു വ്യവസ്ഥ. ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പരാതികൾ വാർത്താ പ്രക്ഷേപക അസോസിയേഷനു വിടും. 15 ദിവസത്തിനകം അവർ വാർത്ത വ്യാജനായിരുന്നോ എന്ന് തീരുമാനിക്കും. അതിനു മുമ്പു തന്നെ, വാർത്ത നൽകിയ മാധ്യമപ്രവർത്തകെൻറ അക്രഡിറ്റേഷൻ മരവിപ്പിക്കും. വാർത്ത വ്യാജമെന്നു സ്ഥിരീകരിച്ചാൽ ആറു മാസത്തേക്ക് അക്രഡിറ്റേഷൻ സസ്പെൻഡ് ചെയ്യും. രണ്ടാംവട്ടം പിടിക്കപ്പെട്ടാൽ ഒരു വർഷത്തേക്ക്. മൂന്നാമതും തെറ്റുതെളിഞ്ഞാൽ അക്രഡിറ്റേഷൻ ആജീവനാന്തം കിട്ടില്ല. സോഷ്യൽ മീഡിയ, ഒാൺലൈൻ പ്രസിദ്ധീകരണങ്ങൾ എന്നിവ ഉത്തരവിെൻറ പരിധിയിൽ വരില്ല.
പൊതുതെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ബാക്കിനിൽക്കേ ഇത്തരമൊരു ഉത്തരവ് പൊടുന്നനെ കൊണ്ടുവന്നത് മാധ്യമങ്ങളെ തങ്ങൾക്ക് ഇഷ്ടപ്പെടുന്ന വിധം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.