സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് എൻ.ഡി.എ; നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും

ന്യൂഡൽഹി: സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് ബുധനാഴ്ച വൈകീട്ട് എൻ.ഡി.എ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണും. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി‍യിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിനുശേഷമാണ് നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തുക.

അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ടി.ഡി.പിയുടെ എൻ. ചന്ദ്രബാബു നായിഡു, ജെ.ഡി.യു തലവൻ നിതീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സംഘത്തിലുണ്ടാകും. നേരത്തെ മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാർ രാജിവെച്ചിരുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. മോദി പ്രധാനമന്ത്രിയായി മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ബി.ജെ.പിക്ക് സർക്കാർ രൂപവത്കരണത്തിന് ടി.ഡി.പിയുടെയും ജെ.ഡി.യുവിന്‍റെയും പിന്തുണ നിർണായകമാണ്.

ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.

സ്പീക്കർ പദവിയും നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി ആവശ്യപ്പെട്ടേക്കും. ഇത് ബി.ജെ.പിക്ക് തലവേദനയാകും. എൻ.ഡി.എയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ചന്ദ്രബാബു വ്യക്തമാക്കി. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇൻഡ്യാ സഖ്യവും ഡൽഹിയിൽ ബുധനാഴ്ച യോഗം ചേരുന്നുണ്ട്. പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിൽ എത്തിയിട്ടുണ്ട്. 293 സീറ്റുകളിലാണ് എൻ.ഡി.എ വിജയിച്ചത്. ഇൻഡ്യ സഖ്യം 233 സീറ്റുകളിലും. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Tags:    
News Summary - PM Modi To Stake Claim To Form Government After NDA Meeting Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.