കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രജപക്സെയുടെ അതേ ഗതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നേരിടേണ്ടി വരുമെന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഇദ്രിസ് അലി. കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് അലിയുടെ പരാമർശം. ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ വസതിയും ഓഫീസും പ്രക്ഷോഭകാരികൾ കഴിഞ്ഞ ദിവസം പിടിച്ചടക്കിയിരുന്നു.
മമത ബാനർജി റെയിൽവെ മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച പദ്ധതിക്ക് അവരെ ക്ഷണിക്കാതിരുന്നത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിന് തൃണമൂൽ സർക്കാരിൽ നിന്നുള്ള പ്രമുഖരെയൊന്നും ക്ഷണിച്ചിട്ടില്ല. ജൂലൈ 11ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെതുടർന്ന് ശ്രീലങ്കയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോടബയ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.