ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീയാത്ര ഇന്ന് തുടങ്ങും; ചെലവ് 20 ലക്ഷം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. എം.വി ഗംഗാ വിലാസ് എന്ന ആഡംബര നൗകയിലാണ് യാ​ത്ര. വാരണാസിയിൽ നിന്ന് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് യാത്ര. കന്നി യാത്രയിൽ 32 സ്വിസ് വിനോദസഞ്ചാരികളാണ് ഭാഗഭാക്കായിട്ടുള്ളത്.

ഇന്ത്യയിൽ നിർമിച്ച ആദ്യ ആഡംബര നൗകയാണ് എം.വി ഗംഗാവിലാസ്. 51 ദിവസം കൊണ്ട് 3200 കിലോമീറ്റർ ദൂരം നൗക സഞ്ചരിക്കും. ആദ്യയാത്ര നടത്തുന്ന സ്വിറ്റ്സർലാന്റിൽ നിന്നുള്ള 32 ടൂറിസ്റ്റുകളെ വാരണാസിയിൽ ഷെഹ്നായി വായിച്ചുകൊണ്ട് മാലയിട്ട് സ്വീകരിക്കും.

ഈ ഫൈവ് സ്റ്റാർ മൂവിങ് ഹോട്ടലിൽ 36 പേരെ ഉൾക്കൊള്ളാവുന്ന18 സ്യൂട്ടുകളാണുള്ളതെന്ന് ക്രൂയിസ് ഡയറക്ടർ രാജ് സിങ് പറഞ്ഞു. അത് കൂടാതെ, 40 ജീവനക്കാർക്കുള്ള താമസ സൗകര്യവും ഈ നൗകയിലുണ്ട്. 62 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉണ്ട്.

27 നദീതടങ്ങളിലൂടെ വിനോദസഞ്ചാരികളെ കൊണ്ടുപോകുകയും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബിഹാറിലെ പട്‌ന, ജാർഖണ്ഡിലെ ഷാഹിഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യുമെന്ന് ഉത്തർപ്രദേശ് ടൂറിസം മന്ത്രി ജയ് വീർ സിങ് പറഞ്ഞു.

സ്പാ, സലൂൺ, ജിം തുടങ്ങിയ സൗകര്യങ്ങളും ക്രൂയിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ദിവസം 25,000 മുതൽ 50,000 രൂപ വരെ ചെലവ് വരും. 51 ദിവസത്തെ യാത്രക്ക് ഒരാൾക്ക് ആകെ ചെലവ് ഏകദേശം 20 ലക്ഷം രൂപയാണെന്നും രാജ് സിങ് പറഞ്ഞു.

മലിനീകരണ രഹിത സംവിധാനവും ശബ്‌ദ നിയന്ത്രണ സാങ്കേതികവിദ്യയും ക്രൂയിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗംഗയിലേക്ക് മലിനജലം ഒഴുകാതിരിക്കാൻ മലിനജല ശുദ്ധീകരണ പ്ലാന്റും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഗംഗാജലം ശുദ്ധീകരിക്കുന്ന ഫിൽട്ടറേഷൻ പ്ലാന്റും ഈ കപ്പലിൽ ഉണ്ടെന്ന് ക്രൂയിസ് ഡയറക്ടർ പറഞ്ഞു.

വിദേശ വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ അടുത്തറിയാൻ അവസരമൊരുക്കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ എ.എൻ.ഐയോട് പറഞ്ഞു.

2047ഓടെ റിവർ ക്രൂയിസിന്റെ പുരോഗതിയെ കുറിച്ചുള്ള ‘റിവർ ക്രൂയിസ് വിഷൻ ഡോക്യുമെന്റ് 2047’ എന്ന രേഖ പ്രധാനമന്ത്രി മോദി പുറത്തിറക്കും.

അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആഡംബര യാത്രയെ വിമർശിച്ചു. ‘ഇനി നാവികരുടെ ജോലിയും ബി.ജെ.പി ഇല്ലാതാക്കുമോ? മതസ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി പണം സമ്പാദിക്കുന്ന ബി.ജെ.പിയുടെ നയം അപലപനീയമാണ്. ആഡംബരത്തിനല്ല, കാശിയുടെ ആത്മീയ മഹത്വം അനുഭവിക്കാനാണ് ലോകത്ത് എല്ലായിടത്തുനിന്നും ആളുകൾ വരുന്നത്. യഥാർഥ പ്രശ്നങ്ങളുടെ ഇരുട്ടിനെ പുറമെയുള്ള തിളക്കം കൊണ്ട് മറക്കാൻ ബി.ജെ.പിക്കാവില്ലെന്നും ക്രൂയിസിന്റെ ഫോട്ടോ സഹിതം ഹിന്ദിയിൽ നടത്തിയ ട്വീറ്റിൽ യാദവ് പറഞ്ഞു.

Tags:    
News Summary - PM To Flag Off World's Longest River Cruise, Trip Costs 20 Lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.