മോർബി: ഗുജറാത്തിലെ മോർബി പാലം അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടസ്ഥലം സന്ദർശിച്ചശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി വിളിച്ച ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അന്വേഷണത്തിൽനിന്ന് വ്യക്തമാകുന്ന കാര്യങ്ങൾ ഉടനടി നടപ്പിൽവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അപകടസ്ഥലവും ആശുപത്രിയും സന്ദർശിച്ച പ്രധാനമന്ത്രി പരിക്കേറ്റയാളുകളെയും പ്രദേശവാസികളെയും കണ്ടു. അപകടത്തിനിരയായവർക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ അദ്ദേഹം അധികൃതരോട് നിർദേശിച്ചു.
മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ 135 പേരാണ് മരിച്ചത്. അപകടത്തിനിടയാക്കിയ സംഗതികൾ സംബന്ധിച്ച് പൊലീസും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മോർബി ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിലെത്തിയ മോദി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും അപകടത്തിനിരയായവരുടെ ബന്ധുക്കളുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തരമന്ത്രി ഹർഷ് സംഗ്വിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.