‘കുട്ടികളുടെ മനസ്സിനെ വിഷലിപ്തമാക്കുന്നു’; അധ്യാപികയുടെ വിദ്വേഷ കുറ്റകൃത്യത്തിനെതിരെ പ്രമുഖർ

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി പ്രമുഖർ. സ്കൂളിലെ ക്ലാസ് മുറിയിൽ വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. വിഡിയോ വൈറലായതോടെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്ത്​ എത്തുകയായിരുന്നു.

അധ്യാപികക്കെതിരേ രൂക്ഷ വിമർശനമാണ്​ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയത്​. ഇന്ത്യയുടെ എല്ലാ മുക്കുമൂലകളിലും തീയിടാൻ ബി.ജെ.പി പകരുന്ന എണ്ണയാണ് അവിടെയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാൻ ബി.ജെ.പി പകരുന്ന അതേ മണ്ണെണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്നേഹിക്കാൻ പഠിപ്പിക്കാം’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയ ലോക്​ ദൾ നേതാവ്​ ജയന്ത്​ ചൗധരിയും വിമർശനം ഉന്നയിച്ച്​ രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ നടപടി ഉണ്ടാകുമെന്ന്​ ഉറപ്പാക്കാൻ ആർ.എൽ.ഡി എം.എൽ.എമാർക്ക്​ നിർദേശം നൽകിയതായി ജയന്ത്​ ചൗധരി ട്വിറ്ററിൽ കുറിച്ചു.

എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസിയും സംഭവത്തെ വിമർശിച്ച്​ രംഗത്ത്​ എത്തി. കഴിഞ്ഞ ഒമ്പത്​ വർഷംകൊണ്ട്​ രാജ്യത്ത്​ ഉത്​പ്പാദിപ്പിക്കപ്പെട്ട വെറുപ്പിന്‍റെ അനന്തരഫലമാണ്​ സംഭവമെന്ന്​ ഝവൈസി ട്വിറ്ററിൽ കുറിച്ചു. ബി.​ജെ.പിയിൽ നിന്ന്​ വരുൺഗാന്ധി വിഷയത്തിൽ വിമർശനം ഉന്നയിച്ച്​ രംഗത്തുവന്നു. ‘അറിവിന്റെ ക്ഷേത്രത്തിൽ ഒരു കുട്ടിയോട് ഇത്രയും വെറുപ്പ് കാണിക്കുന്നത് രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കി’ എന്നാണ് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​. ‘സംഭവം മുഴുവൻ അധ്യാപക സമൂഹത്തിനും കളങ്കമാണെന്ന്​ അദ്ദേഹം’ പറഞ്ഞു.

ശിവസേനാ നേതാവ്​ ഉദ്ധവ് താക്കറെ, ബോളിവുഡ് നടിയും രാഷ്ട്രീയക്കാരിയുമായ ഊർമിള മന്ദോദ്​കർ നടിമാരായ രേണുക ഷഹാന, സ്വര ഭാസ്‌കർ തുടങ്ങിയവരും സംഭവത്തിൽ പ്രതിഷേധിച്ചു.

Tags:    
News Summary - 'Poisoning Kids' Minds': Politicians, Actors Slam Muzaffarnagar School Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.