കർഷക സമരത്തെ നേരിട്ട് പൊലീസ്; കണ്ണീർവാതകം പ്രയോഗിച്ചു, അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം

ന്യൂഡൽഹി: കാർഷിക വിളകൾക്ക് അധ്വാനത്തിനും വിയർപ്പിനുമൊത്ത വിലകിട്ടാൻ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങിയ കർഷകരെ യുദ്ധമുറയിൽ നേരിട്ട് പൊലീസ്. അതിർത്തികൾ കോൺക്രീറ്റ് വേലികൊണ്ട് കെട്ടിയടച്ചും ഡ്രോണിൽ കണ്ണീർവാതക ഷെൽ വർഷിച്ചുമൊക്കെ കർഷകരെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമത്തിൽ വ്യാപക പ്രതിഷേധം. പൊലീസിനെ മറികടന്ന് ഡൽഹിയിലേക്ക് നീങ്ങാനുള്ള ശ്രമം സമരക്കാർ തുടരുകയാണ്.

കേന്ദ്ര സർക്കാറിന്റെ അനുനയ നീക്കം പരാജയപ്പെട്ടതോടെ ട്രാക്ടറുകളിലും ട്രക്കുകളിലും ചെറുവാഹനങ്ങളിലുമായി പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമായി കാൽ ലക്ഷത്തോളം കർഷകരാണ് ദീർഘകാല സമരത്തിന് സജ്ജമായി ഡൽഹി ലക്ഷ്യമാക്കി പുറപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നംഗ കേന്ദ്രമന്ത്രിമാർ നടത്തിയ അർധരാത്രിവരെ നീണ്ട ചർച്ചയിൽ വിളകൾക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്നതിൽ ഉറപ്പു നൽകാൻ തയാറായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച (നോൺ പൊളിറ്റിക്കൽ), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകൾ തീരുമാനിക്കുകയായിരുന്നു.

പഞ്ചാബിൽനിന്നും ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട കർഷകരെ ഹരിയാന പൊലീസ് ശംബു അതിർത്തിയിൽ തടഞ്ഞു. അതിർത്തിയിലെ പാലത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കർഷകർ പാലത്തില്‍നിന്നു താഴേക്കെറിഞ്ഞു. ഇതോടെ ഡ്രോണുകൾ ഉപയോഗിച്ച് പൊലീസ് കർഷകരെ പിന്തുടർന്ന് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ചിതറിയോടിയ കര്‍ഷകര്‍, വീണ്ടും സംഘടിച്ചെത്തി പൊലീസ് ബാരിക്കേഡുകള്‍ എടുത്തു മാറ്റി. ഹരിയാനയിൽനിന്നുള്ള കര്‍ഷകരും ഇവിടേക്ക് എത്തിയതോടെ ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങുന്നുണ്ട്.

മുമ്പൊരിക്കൽ ഡൽഹി കണ്ട കർഷക സമരത്തിന് സമാനമായി, ആറുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും താമസ സൗകര്യവും അടക്കം എല്ലാ സജീകരണവുമായിട്ടാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്. ഹരിയാന സർക്കാർ പമ്പുടുമകളെ ഭീഷണിപ്പെടുത്തിയതിനാൽ ഇന്ധനവും തങ്ങള്‍ കരുതിവെച്ചതായി കര്‍ഷകര്‍ പറയുന്നു.

Tags:    
News Summary - police action against farmers delhi challo march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.