ലഖ്നോ: ശാഹി മസ്ജിദിലെ സർവേയെതുടർന്ന് സംഘർഷമുണ്ടായ സംഭലിലേക്ക് തിരിച്ച കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയുടെ ലഖ്നോ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രതിഷേധം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിൽ സംഭലിലേക്ക് വസ്തുതാന്വേഷണ സംഘം പുറപ്പെടുമെന്ന് അറിയിച്ചതിന് പിന്നാലെ ഞായറാഴ്ച രാത്രിതന്നെ പൊലീസ് പാർട്ടി ലഖ്നോ ഓഫിസിനും നേതാക്കളുടെ വീടുകൾക്ക് മുന്നിലും ബാരിക്കേഡുകൾ ഉയർത്തിയിരുന്നു.
തിങ്കളാഴ്ച റായിയുടെ നേതൃത്വത്തിലുള്ള സംഘം പുറത്തേക്കിറങ്ങിയപ്പോൾ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും പ്രവർത്തകരും വൻ പ്രതിഷേധം ഉയർത്തി. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് നേതാക്കൾ പറഞ്ഞു.
സംഘർഷം നിലനിൽക്കുന്ന സംഭലിലെത്തി അവിടത്തെ ജനങ്ങളുടെ പരാതികൾ കേൾക്കുകയും സമാധാന പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു പാർട്ടി നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് സംഭൽ സിറ്റി പ്രസിഡന്റ് തൗഖീർ അഹ്മദ് പറഞ്ഞു.
ഞായറാഴ്ച രാത്രിമുതൽ താൻ വീട്ടുതടങ്കലിലാണെന്ന് യു.പി കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര പറഞ്ഞു. സർക്കാർ അരാജകത്വം നടപ്പാക്കുകയാണ്. തങ്ങളുടെ കഴിവുകേട് മറക്കാൻ കരിനിയമങ്ങൾ നടപ്പാക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.