ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിൽ ഏർപ്പെട്ട മദ്രാസ് സർവകലാശാല വിദ്യാർഥികളെ കാണാനെത്തിയ മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസനെ പൊലീസ് കവാടത്തിൽ തടഞ്ഞു. ബുധനാഴ്ച 4.30ഓടെയാണ് കമൽഹാസൻ പാർട്ടി ഭാരവാഹികൾക്കൊപ്പം എത്തിയത്. കാലിൽ ശസ്ത്രക്രിയ ചെയ്തിരുന്നതിനാൽ കമൽഹാസെൻറ ഇടതുകൈയിൽ വാക്കിങ് സ്റ്റിക്ക് ഉണ്ടായിരുന്നു. സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കമൽഹാസനെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് പ്രധാന കവാടത്തിെൻറ പുറത്തുനിന്ന കമൽഹാസൻ അകത്തുള്ള വിദ്യാർഥികളുമായി 15 മിനിറ്റോളം സംസാരിച്ചു.
രണ്ടു ദിവസമായി കാമ്പസിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയും െഎക്യദാർഢ്യവും അറിയിക്കാനാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം കമൽഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോളജിനകത്ത് സമരത്തിലേർപ്പെട്ട 800ഒാളം വിദ്യാർഥികൾ കുടിവെള്ളവും ആഹാരവുമില്ലാതെ അഗതികളെ പോലെയാണ് കഴിയുന്നത്. വിദ്യാർഥികളെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് പൊലീസ് അറിയിച്ചത്.
മരിക്കുന്നതുവരെ താനും ഒരു വിദ്യാർഥിയാണ്. താൻ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണെങ്കിലും സന്ദർശനത്തിൽ രാഷ്ട്രീയ താൽപര്യമില്ല. ഇവിടെ വരേണ്ടത് തെൻറ കടമയാണ്. അണ്ണാ ഡി.എം.കെ വിചാരിച്ചിരുെന്നങ്കിൽ ബിൽ പാസാകില്ലായിരുന്നു. രാജ്യത്തിെൻറ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലേക്ക് നീങ്ങുകയാണ്. പൗരത്വ നിയമത്തിന് എതിരായി രാജ്യമൊട്ടുക്കും ഉയരുന്ന ശബ്്ദം അടിച്ചമർത്താനാവില്ലെന്നും കമൽഹാസൻ പറഞ്ഞു.
മദ്രാസ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയ ആദ്യ രാഷ്ട്രീയ നേതാവാണ് കമൽഹാസൻ. വിദ്യാർഥി പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടർന്ന് ഡിസംബർ 23വരെ സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റൽ മുറികൾ നിർബന്ധപൂർവം ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരു വിഭാഗം വിദ്യാർഥികൾ സമരം തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ മുതൽ ഭക്ഷണവും ഉറക്കവുമൊഴിഞ്ഞ് കാമ്പസിനകത്ത് രാപകൽ സമരം നടത്തുന്ന വിദ്യാർഥികളിൽ പലരും അവശനിലയിലാണ്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കമൽഹാസെൻറ മിന്നൽ സന്ദർശനം ചെന്നൈ മറീന ബീച്ച് റോഡിൽ അൽപസമയം വാഹന ഗതാഗതത്തെ ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.