ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ ഇരകൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ മഹ്മൂദ് പ്രാചക്കെതിരെ ഡൽഹി പൊലീസ് പ്രത്യേക സെൽ കേസെടുത്തു. കഴിഞ്ഞ ദിവസം മഹ്മൂദ് പ്രാചയുടെ നിസാമുദ്ദീനിലെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടിയാണ് കേസെടുത്തത്.
ഡൽഹി പൊലീസ് സ്പെഷൽ സെൽ നടത്തിയത് നിയമവിരുദ്ധമായ റെയ്ഡാണെന്ന് കാണിച്ച് പ്രാച പട്യാല ഹൗസ് കോടതിയിൽ പരാതി നൽകിയിരുന്നു. റെയ്ഡിെൻറ പൂർണ വിഡിയോ ഹാജരാക്കാനും പൊലീസ് ഉദ്യോഗസ്ഥനോട് ഹാജരാകാനും ഡൽഹി കോടതി ഉത്തരവിട്ടിരുന്നു.
പ്രാചയുടെ ഓഫിസ് റെയ്ഡ് ചെയ്ത പൊലീസ് നടപടി നിയമവ്യവസ്ഥക്കെതിരെയും അഭിഭാഷകർക്കെതിരെയുമുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു.
ഡിസംബർ 24ന് ഉച്ചക്ക് 12ന് തുടങ്ങിയ റെയ്ഡ് 25ന് പുലർച്ച മൂന്നു വരെ നീണ്ടിരുന്നു. ഹാർഡ് ഡിസ്കും മറ്റു കേസുകളുടെ രേഖകളും അടക്കമുള്ളവ പൊലീസ് കൊണ്ടുപോയിരുന്നു.
പൗരത്വ സമരത്തിനിറങ്ങിയവരെയും നിരപരാധികളെയും ഡൽഹി വംശഹത്യ കേസിൽ കുടുക്കുന്നതിനെതിരെ പ്രാച നൽകിയ കേസുകൾ പലതും കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് നേരത്തേ നൽകിയ ഒരു ഹരജിയിൽ പരിമിതമായ പരിശോധനക്ക് നൽകിയ അനുവാദം ഉപയോഗിച്ചാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ വിപുലമായ റെയ്ഡ് നടത്തിയത്. തനിക്കെതിരെ നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രാച നേരത്തേ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.