'ദരിദ്രയാണെങ്കിലും പതിനായിരം രൂപക്ക് വേണ്ടി ശരീരം വിൽക്കില്ല'-കൊല്ലപ്പെടുന്നതിന് മുമ്പ് അങ്കിത സുഹൃത്തിനയച്ച സന്ദേശം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റിസോർട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് മുമ്പ് സുഹൃത്തിനയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്. റിസോർട്ട് ഉടമയിൽ നിന്നും മാനേജരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പെൺകുട്ടി സുഹൃത്തിനോട് പങ്കുവെച്ചിരുന്നു.

റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാനേജരും റിസോർട്ട് ഉടമയും തന്നെ നിർബന്ധിച്ചു. ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വിൽക്കാൻ ഒരിക്കലും തയാറാകില്ല- സുഹൃത്തിനയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പെൺകുട്ടി പറഞ്ഞു.

ഉത്തരാഖണ്ഡ് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥയിലുള്ള റിസോർട്ടിലെ ജീവനക്കാരിയായിരുന്നു പെൺകുട്ടി. മകളെ കാണാതായതിനെ തുടർന്ന് സെപ്റ്റംബർ 18നാണ് കുടുംബം റവന്യു പൊലീസിൽ പരാതി സമർപ്പിച്ചത്.

സെപ്റ്റംബർ 23ന് പുൽകിത് ആര്യയെയും റിസോർട്ടിലെ മറ്റ് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ടിനടുത്തുള്ള കനാലിൽ നിന്ന് ശനിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തിൽ നിന്ന് ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത് വന്നതോടെ ഋഷികേശിലെ റിസോർട്ടിന് ചുറ്റും വൻ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ റിസോർട്ടിന്‍റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് നശിപ്പിക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Poor but won't get sold for Rs 10k, deceased Ankita Bhandari told friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.