മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസിലെ സാക്ഷി മരിച്ചു. കേസിലെ സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിൽ ആണ് വെള്ളിയാഴ്ച ഉച്ചക്ക് മാഹുൽ ഏരിയയിലെ വാടക അപ്പാർട്ട്മെന്റിൽ വെച്ച് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും ദുരൂഹതയുള്ളതായി കുടുംബം സംശയിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ അറിയിച്ചു.
അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണ് പ്രഭാകർ സെയിലിനൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരൻമാർ എത്തിയാലുടൻ സംസ്കാരചടങ്ങുകൾ നടക്കും.
ആര്യൻ ഖാനെ അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ മറ്റൊരു സാക്ഷിയായ കെ.പി ഗോസാവിയുടെ സുരക്ഷാ ജീവനക്കാരനായിരുന്നു പ്രഭാകർ സെയിൽ. ആര്യനൊപ്പമുള്ള ചിത്രം ഗോസാവി പങ്കുവെച്ചതും ആര്യന്റെ കൈ പിടിച്ചുവലിച്ച് നാർകോട്ടിക് ബ്യൂറോ ഓഫീസിലേക്ക് ഗോസാവി കൊണ്ടുപോയതും കൊണ്ടുപോയതും വിവാദമായിരുന്നു.
ആര്യനെ എൻസിബി ഓഫിസിലേക്ക് ഗോസാവി വലിച്ചിഴച്ച് കൊണ്ടുപോയതെന്തിനാണെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക് ചോദിച്ചിരുന്നു. ഗോസാവിയെപ്പോലുള്ള ഒരു സ്വകാര്യ വ്യക്തിയെ കേസിൽ സാക്ഷിയാക്കിയതിന്റെ സാംഗത്യത്തെക്കുറിച്ചും ചോദ്യമുയർന്നിരുന്നു.
അതിനിടെയാണ് ഗോസാവിയുടെ സുരക്ഷാ ജീവനക്കാരനായ, ഇന്നലെ മരിച്ച പ്രഭാകർ സെയിൽ ആര്യൻ ഖാന് അനുകൂലമായി സത്യവാങ്മൂലം സമർപ്പിച്ചത്. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ഗോസാവിയും ഉൾപ്പെട്ട പണമിടപാടിനെക്കുറിച്ചുള്ള സംഭാഷണം കേട്ടുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷി കൂടിയായ സെയിൽ ഇതോടെ വാർത്തകളിൽ ഇടം നേടി. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രഭാകർ സെയിൽ ആരോപിച്ചത്. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
ഈ വിവാദം കത്തിനിൽക്കുന്നതിനിടെ 2018ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ട് പുണെ പൊലീസ് ഗോസാവിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് തൊട്ടുമുമ്പ് പ്രഭാകർ സെയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗോസാവി നിഷേധിച്ചു. 'പ്രഭാകർ സെയിൽ നുണ പറയുകയാണ്. പ്രഭാകർ സെയിലിന്‍റെയും രണ്ട് സഹോദരന്മാരുടെയും ഫോൺവിളി വിവരങ്ങളും ചാറ്റുകളും പുറത്തുവിടണമെന്ന് ഞാൻ അഭ‍്യർഥിക്കുകയാണ്. എന്‍റെ ഫോൺവിളി വിവരങ്ങളും ചാറ്റുകളും ഞാൻ പുറത്തുവിടാം. എല്ലാ കാര്യങ്ങളും വ്യക്തമാകട്ടെ. എത്രയോ പണം കൈപ്പറ്റിയിട്ടാണ് പ്രഭാകർ സെയിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ അയാൾക്ക് എന്തെല്ലാം വാഗ്ദാനങ്ങൾ ലഭിച്ചെന്ന് ഫോൺ രേഖകളിൽ വ്യക്തമാകും' -എന്നായിരുന്നു ഗോസാവിയുടെ പ്രതികരണം.
പ്രഭാകർ സെയിൽ കൂറുമാറിയതോടെ എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം, ജയിലിൽ കഴിയുന്ന ഗോസാവിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ, ഗോസാവിയും സെയ്‌ലും പണം കൈപ്പറ്റിയെന്ന ആരോപണവുമായി കേസിലെ മറ്റൊരു സാക്ഷിയായ സാം ഡിസൂസ രംഗത്തുവന്നിരുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രഭാാകറിന്റെ മരണം.
2021 ഒക്ടോബറിലാണ് ആഡംഭരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായത്. 26 ദിവസം നീണ്ട കസ്റ്റഡി വാസത്തിനും വിചാരണകൾക്കും ശേഷം ബോംബെ ഹൈക്കോടതി ഒക്‌ടോബർ 28 ന് ആര്യന് ജാമ്യം അനുവദിക്കുയായിരുന്നു. ഒക്‌ടോബർ 30-ന് പിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ആര്യൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.