പൊലീസ് വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്ന പ്രജ്വൽ രേവണ്ണ 

പ്രജ്വലിനെ വീണ്ടും തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു

ബംഗളൂരു: പുതിയ പീഡന പരാതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കെതിരെ (33) നാലാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത എസ്.ഐ.ടി സംഘം തെളിവെടുപ്പിനായി ഹാസനിലെ ഹൊളെ നരസിപൂരിലെ വീട്ടിലെത്തിച്ചു.

ചെന്നാംബിക നിവാസയിലായിൽ ശക്തമായ പൊലീസ് കാവലിലായിരുന്നു ബുധനാഴ്ച തെളിവെടുപ്പ്. ഹാസൻ എ.എസ്.പി തമ്മയ്യ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ മഹസർ തയാറാക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നു. മറ്റു മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് ജൂൺ എട്ടിനും പ്രജ്വലിനെ അ​ന്വേഷണസംഘം വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. നിലവിൽ നാലു ദിവസത്തെ എസ്.​ഐ.ടി കസ്റ്റഡിയിൽ കഴിയുകയാണ് പ്രജ്വൽ. അതേസമയം, ജാമ്യ ഹരജി ബംഗളൂരു കോടതി തള്ളിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രജ്വൽ പകർത്തിയ പീഡന ദൃശ്യങ്ങൾ പുറത്തുവന്നത്. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനായ പ്രജ്വൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പീഡനവുമായി ബന്ധപ്പെട്ട വിഡിയോകൾ പുറത്തായതോടെ ഏപ്രിൽ 27ന് പ്രജ്വൽ ജർമനിയിലേക്ക് കടന്നു. ഒരു മാസത്തോളം ഇയാൾ ഒളിവിലായിരുന്നു.

ജർമനിയിൽനിന്ന് തിരിച്ചെത്തിച്ച അന്വേഷണസംഘം മേയ് 31ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തു. അന്നുതന്നെ കോടതിയിൽ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതൽ സമയം അനുവദിക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം കണക്കിലെടുത്താണ് കോടതി കസ്റ്റഡി നീട്ടി ഉത്തരവിട്ടത്.

ഇതുവരെ നാല് കേസുകളാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രജ്വലിന്റെ മാതാപിതാക്കളായ ഹൊളെ നരസിപൂർ എം.എൽ.എ എച്ച്.ഡി. രേവണ്ണയും ഭവാനി രേവണ്ണയും പ്രജ്വലിന്റെ പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിൽ കഴിയുകയാണ്. സഹോദരൻ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Prajwal was brought home again for evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.