ന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗാന്ധി കുടുംബത്തെ നേരിട്ട് കണ്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനും മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് കിഷോർ അടുത്തിടെയാണ് നേതൃത്വവുമായി ചർച്ച പുനരാരംഭിച്ചത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം നിരവധി തവണ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഈ വർഷാവസാനം ഗുജറാത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കേന്ദ്രീകരിച്ചാണ് ചർച്ച നടക്കുന്നതെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ വാദം കിഷോറിന്‍റെ അടുത്ത വൃത്തങ്ങൾ തള്ളിക്കളഞ്ഞു.
കോൺഗ്രസ് നേതൃത്വവും പ്രശാന്ത് കിഷോറും 2024ലെ ദേശീയ തെരഞ്ഞെടുപ്പാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്. പാർട്ടിയിൽ അടിമുടി മാറ്റംവേണമെന്ന കിഷോറിന്‍റെ നിലപാട് രാഹുൽ ഗാന്ധിയും മറ്റും അംഗീകരിക്കുന്നില്ല. ഇതാണ് അദ്ദേഹത്തിന്‍റെ പാർട്ടി പ്രവേശനം വൈകിപ്പിക്കുന്നതും. ഉപദേശക സ്ഥാനം ഏറ്റെടുക്കാതെ കിഷോർ കോൺഗ്രസിൽ ചേരുമെന്നത് ഇപ്പോഴും വിദൂര സാധ്യതയാണെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.