പ്രശാന്ത് കിഷോർ സോണിയ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി, കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസ് നേതാക്കളും കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നതെന്ന് വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, അംബിക സോണി, ദിഗ്‌വിജയ് സിങ്, മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ, കെ.സി വേണുഗോപാൽ എന്നിവർ കിഷോറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ചിന്തൻ ശിവിറിന് മുന്നോടിയായി പ്രവർത്തക സമിതി യോഗം ചേരാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പ്രവർത്തക സമിതി യോഗത്തിൽ ശിവിറിന്‍റെ അജണ്ടക്ക് അന്തിമരൂപം നൽകും. മുതിർന്ന നേതാക്കളായ അംബിക സോണി, മുകുൾ വാസ്‌നിക് എന്നിവർക്കാണ് അജണ്ടയുടെ അന്തിമരൂപം തയാറാക്കുന്നതിനുള്ള ചുമതല നൽകിയിട്ടുള്ളത്.

പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ വിമതർ ശബ്ദമുയർത്തുന്ന സാഹചര്യത്തിലാണ് ചിന്തൻ ശിവിർ വളരെ അനിവാര്യമായത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആഭ്യന്തര ഭിന്നത പരിഹരിക്കുന്നതിന് വിമതരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ജി-23 നേതാക്കൾ രാഹുൽ ഗാന്ധിക്കും സംഘത്തിനും എതിരാണ്.

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോർ നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ, പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പുരോഗതിയൊന്നും അന്ന് റിപ്പോർട്ട് ചെയ്തിരുന്നില്ല.

Tags:    
News Summary - Prashant Kishor meets Sonia Gandhi, other leaders amid renewed buzz about joining Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.