തൃശൂർ: തൃശൂരിലെ ‘സേഫ് ആൻഡ് സ്ട്രോങ്’ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണെ തെരഞ്ഞെടുപ്പ് കമീഷനെയും കബളിപ്പിച്ചു. കോടികളുടെ തട്ടിപ്പ് നടത്തിയ ഇയാൾ കഴിഞ്ഞ ഏപ്രിലിലാണ് റോയൽ ഇന്ത്യ പീപ്ൾസ് എന്ന പാർട്ടി രൂപവത്കരിച്ചത്. രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതിന്റെ രേഖകൾ പുറത്തുവന്നു. രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലായിരുന്നു പാർട്ടി രൂപവത്കരണം.
നാലുവർഷംകൊണ്ട് 100 കോടിയുടെ തട്ടിപ്പ് നടത്തിയ റാണെ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ രേഖകളനുസരിച്ച് ദരിദ്രനാണ്. ബാങ്കിൽ സ്വന്തമായുള്ളത് അഞ്ചുലക്ഷം രൂപ. ഭാര്യയുടെ പേരിൽ ഒരു ലക്ഷം. നയാപൈസയുടെ ഷെയറുകളില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലുള്ളത്. തനിക്കും ഭാര്യക്കുംകൂടി ആകെയുള്ളത് ഏഴ് പവന്റെ സ്വർണമാണെന്നും രേഖകളില്‍ കാണിച്ചിട്ടുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി പ്രവീൺ മത്സരിച്ചിരുന്നു. ആയിരത്തിലധികം വോട്ടുകൾ നേടി. ഇതിന്റെ തുടർച്ചയെന്ന നിലയിലായിരുന്നു രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിലേക്ക് കടന്നത്.
നിലവിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും പട്ടിണിയില്ലാതാക്കുമെന്നും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ആളെ കുരുക്കിലാക്കുന്ന വമ്പൻ വാഗ്ദാനങ്ങൾ നൽകി. ഉന്നത രാഷ്ട്രീയ -ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള റാണെയുടേത് ആർഭാട ജീവിതമായിരുന്നു. ചാനലുകളിൽ സ്ലോട്ടെടുത്ത് സ്വന്തം പ്രമോഷന് വേണ്ടി പരിപാടികൾ അവതരിപ്പിക്കുകയും പരസ്യങ്ങൾ നൽകുകയും ചെയ്ത ഇയാൾ അവാർഡ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ബിസിനസിലും സിനിമയിലും താരമായി സ്വയം അവരോധിച്ച റാണെ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റാനായിരുന്നു ശ്രമം. സംഘടനശക്തി തെളിയിച്ചാൽ രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ ഏത് നീക്കത്തെയും തടുക്കാമെന്നും റാണെ കണക്കുകൂട്ടി. ഇതിന്റെ ഭാഗമായി വിവാഹ ചടങ്ങിലും വിവിധ പരിപാടികളിലും മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയെത്തിച്ച് വിശ്വാസം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.