ലഖ്നൗ: ഉത്തർപ്രദേശിലെ പുതിയ മത പരിവർത്തന വിരുദ്ധ നിയമപ്രകാരം ഭർത്താവിനെയും ഭർതൃ സഹോദരനെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് സർക്കാർ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗർഭിണിയായ യുവതിയെ വയറുവേദനയും രക്തസ്രാവവും കാരണം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ടു തവണ. യുവതിയെ മൊറാദാബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം, അഭയകേന്ദ്രത്തിൽ വെച്ച് യുവതിയുടെ ഗർഭം അലസിപ്പോയെന്ന റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു. 'പത്രത്തിൽ വന്ന റിപ്പോർട്ടുകൾ തെറ്റാണ്' -സംസ്ഥാന ശിശു അവകാശ പാനൽ മേധാവി വിശേഷ് ഗുപ്ത പറഞ്ഞു. ഞായറാഴ്ച യുവതിയെ ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും മൂന്ന് മാസം ഗർഭിണിയാണെന്നും കുഞ്ഞിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ വിവാഹ സമയത്തായിരുന്നു 22കാരിയായ യുവതി ഇസ്ലാം മതം സ്വീകരിച്ചത്. ഡിസംബർ അഞ്ചിന് വിവാഹം രജിസ്റ്റർ ചെയ്യാൻ പോയപ്പോഴാണ് യുവതിയെയും ഭർത്താവിനെയും സഹോദരനെയും ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്. യുവതിയുടെ ഭർത്താവിനെയും അയാളുടെ സഹോദരനെയും 'വഞ്ചനാപരവും നിർബന്ധിതവുമായ മതപരിവർത്തനം' നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമങ്ങൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
നിയമം പ്രാബല്യത്തിൽ വരുന്നതിന് നാല് മാസം മുമ്പാണ് താൻ വിവാഹം കഴിച്ചതെന്നും എന്നാൽ അതുകൊണ്ടൊന്നും പൊലീസ് തങ്ങളെ വെറുതെ വിട്ടില്ലെന്നും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.