രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഭ്യൂഹങ്ങൾക്കിടെ പവാറിനെ സന്ദർശിച്ച് മമത

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിക്കായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സംയുക്ത തന്ത്രം രൂപവത്കരിക്കാൻ വിളിച്ച ബി.ജെ.പി ഇതര പാർട്ടികളുടെ യോഗത്തിന് തലസ്ഥാനത്തെത്തിയതായിരുന്നു മമത.

രാഷ്ട്രപതി സ്ഥാനാർഥിയായി പ്രതിപക്ഷത്തിന്റെ പ്രധാന പരിഗണനയിലുള്ളയാളാണ് ശരദ് പവാർ. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് തിങ്കളാഴ്ച മുംബൈയിൽ നടന്ന എൻ.സി.പി യോഗത്തിൽ പവാർ അറിയിച്ചതായി അഭ്യൂഹം ഉണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും പവാറിനെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ വ്യാഴാഴ്ച പവാറിന്‍റെ മുംബൈയിലെ വസതിയിലെത്തി സോണിയ ഗാന്ധിയുടെ ആവശ്യം നേരിട്ടറിയിച്ചിരുന്നു. എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ശിവസേന തലവൻ ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും ആവശ്യം പവാറിനെ അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കഴിഞ്ഞയാഴ്ച ടി.എം.സി അധ്യക്ഷ മമത ബാനർജി കത്തയച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെയുള്ള പാർട്ടികളോട് യോഗത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.

ശരദ് പവാർ, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്റും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്.

Tags:    
News Summary - Presidential election: Mamata Banerjee visits Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.