ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി മറ്റു പാർട്ടികളുമായി ചർച്ച നടത്താൻ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിനെയും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെയും ചുമതലപ്പെടുത്തി ബി.ജെ.പി.
ഭരണകക്ഷിയായ എൻ.ഡി.എയുടെയും പ്രതിപക്ഷമായ യു.പി.എയുടെയും മറ്റു രാഷ്ട്രീയ പാർട്ടികളുടെയും അംഗങ്ങളുമായും സ്വതന്ത്ര അംഗങ്ങളുമായും നഡ്ഡയും രാജ്നാഥും ചർച്ച നടത്തുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അറിയിച്ചു.
ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്ന ബുധനാഴ്ച പുറത്തിറങ്ങും. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 4,809 പേരടങ്ങുന്ന ഇലക്ട്രൽ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും മറ്റു സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളുടെ കണക്കിൽ ബി.ജെ.പിക്ക് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാനാകുമെങ്കിലും മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി വെല്ലുവിളികളൊഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച ആരംഭിക്കുന്നത്.
ഇതിനിടെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നിരവധി പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. പ്രതിപക്ഷത്തുനിന്നും പൊതുസ്ഥാനാർഥിയെ നിർത്തുന്നതിനായി ജൂൺ 15ന് ഡൽഹിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.