ബംഗളൂരു: രാഷ്ട്രപതി സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ച് ജെ.ഡി-എസ്സിലുണ്ടായ ആശയക്കുഴപ്പത്തിന് വിരാമം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് കേരള ഘടകം ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. ബംഗളൂരുവിൽ പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം ദേവഗൗഡയെ അറിയിച്ചതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ നിലപാടിനോട് ദേവഗൗഡ എങ്ങനെ പ്രതികരിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന രീതിയിൽ ജെ.ഡി-എസ് കർണാടക നിയമസഭ കക്ഷിനേതാവും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അനുയോജ്യമായ സ്ഥാനാർഥിത്വമാണ് ദ്രൗപദി മുർമുവിന്റേത് എന്ന് ദേവഗൗഡയും മുമ്പ് പറഞ്ഞിരുന്നു.
എന്നാൽ, ഏതു സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നത് സംബന്ധിച്ച് പാർട്ടി ദേശീയ തലത്തിൽ ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ലയന കാര്യങ്ങൾക്ക് ഗൗഡയിൽനിന്ന് പച്ചക്കൊടി ലഭിച്ചതാണെന്നും എൽ.ജെ.ഡി നേതൃത്വവുമായി കൂടിയാലോചിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ ദേവഗൗഡയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മാത്യു ടി. തോമസിന് പുറമെ, മന്ത്രി കെ. കൃഷ്ണൻ കുട്ടി, കോർ കമ്മിറ്റി അംഗങ്ങളായ സി.കെ. നാണു, നീലലോഹിത ദാസൻ നാടാർ, കെ. ലോഹ്യ, ബി. മുരുകദാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.