കൂടുതൽ മാർക്ക് വാങ്ങാൻ കോളജ് അധികൃതരുടെ സമ്മർദം; ഇന്റർ വിദ്യാർഥി ആത്മഹത്യ ചെയ്തു

രംഗറെഡ്ഡി: കോളജ് അധികൃതരുടെ സമ്മർദം താങ്ങാനാവാതെ തെലങ്കാനയിൽ ഇന്റർ വിദ്യാർഥി ആത്മഹത്യ ചെയ്തു. വൈഭവ് ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കോളജിൽ നിന്നുള്ള സമ്മർദവും അധികൃതരിൽ നിന്നുള്ള പീഡനവും സഹിക്കാൻ കഴിയാതെയാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് മീർപേട്ട് പൊലീസ് പറഞ്ഞു.

കൂടുതൽ മാർക്ക് വാങ്ങാൻ കോളജ് അധികൃതരും പ്രത്യേകിച്ച് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ജൂനിയർ ലക്ചറർ അടക്കം സമ്മർദത്തിലാക്കുന്നുവെന്ന് കാണിച്ച് വൈഭവ് കത്ത് എഴുതിയിരുന്നു. തന്റെ സഹോദരനെ അതേ കോളജിലേക്ക് അയക്കരുതെന്ന് മാതാപിതാക്കളോട് വൈഭവ് ആവശ്യപ്പെടുകയും വിദ്യാർഥികളിൽ സമ്മർദം ചെലുത്തരുതെന്ന് കോളജ് അധികൃതരോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെയാണ് തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിൽ നീറ്റ്‌ പരീക്ഷക്ക് തയാറെടുത്തിരുന്ന വിദ്യാർഥിനി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. പഠന സമയത്ത് മാനസികമായി പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. എന്ത് വന്നാലും പഠനം തുടരണമെന്നായിരുന്നു ഞങ്ങൾ അവളോട് പറഞ്ഞതെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു. തുടർന്ന് പഠിക്കാനുള്ള ആഗ്രഹമാണ് പലരേയും കോച്ചിങ് സെന്‍ററുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നത്. അവിടെ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങൾ താങ്ങാൻ കഴിയാത്തത് കാരണമാണ് വിദ്യാർഥികൾ ആത്മഹത്യക്ക് ശ്രമിക്കുന്നത്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനുകളും ഉപയോഗപ്പെടുത്താം. നിങ്ങൾക്കോ ​​നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ഈ ഹെൽപ്പ് ലൈനുകളിലേതെങ്കിലും വിളിക്കുക: ആസ്ര (മുംബൈ) 022-27546669, സ്‌നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡൽഹി) 011-23389090, കൂജ് (ഗോവ) 5228325 ) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്‌നി (ഹൈദരാബാദ്) 040-66202000, ലൈഫ്‌ലൈൻ 033-6464326).

Tags:    
News Summary - Pressure from college authorities; Inter student committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.