മഥുര: 'മധുബൻ മേം രാധികാ നാചേ രേ' എന്ന വിഡിയോ ആൽബം നിരോധിക്കണമെന്ന് മഥുരയിലെ സന്യാസിമാർ. പാട്ടിനൊപ്പിച്ച് സണ്ണിലിയോൺ ചെയ്യുന്ന നൃത്തരംഗം അശ്ലീലമാണെന്നും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി സന്യാസിമാർ രംഗത്തെത്തിയിരിക്കുന്നത്.
1960ൽ കോഹിനൂർ എന്ന സിനിമക്കുവേണ്ടി മുഹമ്മദ് റാഫി പാടുകയും ദിലീപ് കുമാർ അഭിനയിക്കുകയും ചെയ്ത പാട്ട് വളരെ പ്രശസ്തമാണ്.
'സർക്കാർ ഗാനം നിരോധിക്കുന്നില്ലെങ്കിൽ തങ്ങൾ കോടതിയെ സമീപിക്കും. സണ്ണി ലിയോണിനെതിരെ നടപടിയെടുക്കണം'- വൃന്ദാവനിലെ സന്ത് നവൽ ഗിരി മഹാരാജ് പറഞ്ഞു. ഗാനരംഗം പിൻവലിച്ച് നടി മാപ്പുപറയാൻ തയാറായില്ലെങ്കിൽ ഇന്ത്യയിൽ ജീവിക്കാൻ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഖില ഭാരതീയ തീർഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്‍റ് മഹേഷ് പഥകും ഗാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലിയോണിന്‍റെ വിഡിയോ നമ്മുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും അധിക്ഷേപകരമായ രീതിയിലാണ് ഗാനം നടി അവതരിപ്പിച്ചതെന്നും മഹേഷ് പഥക് പറഞ്ഞു.
സരിഗമ മ്യൂസിക്കിന്‍റെ മധുബൻ മേം രാധിക നാചെ രേ എന്ന പുതിയ വിഡിയോ ആൽബം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. സണ്ണി ലിയോൺ നൃത്തരംഗത്തിലഭിനയിക്കുന്ന ഗാനം കനിക കപൂറും അരിന്ദം ചക്രവർത്തിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.