വാരണാസി: അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരണാസിയിലേക്ക്. വനിതാ അനുഭാവികളുടെ റാലിയെ അഭിസംബോധന ചെയ്യുകയും പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗരത്തിൽ പുതുതായി നിർമ്മിച്ച 16 അടൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അവിടെ ഉച്ചയ്ക്ക് 1.30 ന് വിമാനത്തിൽ എത്തിച്ചേരും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വാരണാസി കമ്മീഷണർ കൗശൽ രാജ് ശർമ്മ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ചിരിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഞ്ജരിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടും. തുടർന്ന് സമ്പൂർണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയത്തിൽ 5,000-ത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും രുദ്രാക്ഷ് കേന്ദ്രത്തിൽ എത്തുമെന്നും അവിടെ പുതുതായി നിർമിച്ച 16 അടൽ റസിഡൻഷ്യൽ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്യുമെന്നും ശർമ്മ പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഒരേ സമയം ഏകദേശം 30,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. വാരണാസി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വാസ്തുവിദ്യ പരമശിവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേൽക്കൂരകൾ, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ് ലൈറ്റുകൾ, ഘട്ട് സ്റ്റെപ്പുകൾ അടിസ്ഥാനമാക്കിയുള്ള ഇരിപ്പിടങ്ങൾ, മുൻഭാഗത്ത് ബിൽവിപത്ര ആകൃതിയിലുള്ള മെറ്റാലിക് ഷീറ്റുകൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. രാജതലബ് ഏരിയയിൽ റിംഗ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഇത് 2025 ഡിസംബറോടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.