ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (എ.ബി.പി.എം. ജെ.എ.വൈ) കീഴിൽ 70 വയസ്സിനും അതിനു മുകളിലുമുള്ള എല്ലാവർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പദ്ധതി പ്രകാരം ഒക്‌ടോബർ ഇന്നുമുതൽ എ.ബി.പി.എം. ജെ.എ.വൈ പട്ടികയിൽ പെടുത്തിയ ആശുപത്രികളിൽ അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
ആരോഗ്യ പരിരക്ഷാ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ
1. ആധാർ കാർഡ് അനുസരിച്ച് 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും വരുമാനം പരിഗണിക്കാതെ തന്നെ പദ്ധതിയുടെ ആരോഗ്യ പരിരക്ഷക്ക് അർഹതയുണ്ട്.
2. ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് പി.എം. ജെ.എ.വൈ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം. ഇതിനകം ആയുഷ്മാൻ കാർഡ് ഉള്ളവരും പോർട്ടലിലോ ആപ്പിലോ വീണ്ടും അപേക്ഷിക്കുകയും പുതിയ കാർഡിനായി ഇ.കെ.വൈ.സി പൂർത്തിയാക്കുകയും വേണം.
3. ഡൽഹി, ഒഡിഷ, പശ്ചിമ ബംഗാൾ ഒഴികെയുള്ള 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നു.
4. എ.ബി.പി.എം.ജെ.എ.വൈയുടെ കീഴിൽ വരുന്ന കുടുംബങ്ങളിലെ 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് തങ്ങൾക്കായി പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും (അത് അവർ പങ്കിടേണ്ടതില്ല. 70 വയസ്സിന് താഴെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം).
5. പി.എം.ജെ.എ.വൈ പദ്ധതിയിൽ 49 ശതമാനം സ്ത്രീ ഗുണഭോക്താക്കൾ ഉൾപ്പെടെ 7.37 കോടി ജനങ്ങൾക്ക് ആശുപത്രി പ്രവേശനം ലഭിച്ചു. പൊതുജനങ്ങൾക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രയോജനം ലഭിച്ചു.
6. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അല്ലെങ്കിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
7. കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം, എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം, ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകൾ ഉപയോഗിക്കുന്ന 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർ നിലവിലെ സ്കീമിൽ ഒന്ന് തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതി തിരഞ്ഞെടുക്കണം.
8. ആരോഗ്യ പദ്ധതി 10.74 കോടി ദരിദ്രരും ദുർബലരുമായ കുടുംബങ്ങളെ ഉൾക്കൊള്ളുന്നു. ഇതിൽ ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനം ഉൾപ്പെടുന്നു.
9. 2024 സെപ്റ്റംബർ ഒന്നുവരെ പദ്ധതിക്കു കീഴിൽ ചികിത്സ നൽകുന്നതിനായി 12,696 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ മൊത്തം 29,648 ആശുപത്രികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.