ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും

ഗുരുഗ്രാം: ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയായ ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയ്യും. എട്ട് പാതകളുള്ള ആദ്യത്തെ ഒറ്റ പില്ലർ മേൽപ്പാലവും കൂടിയാണിത്. ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറയ്ക്കാനുമാണ് പ്രാധാനമായും എലിവേറ്റഡ് ഹൈവേ ലക്ഷ്യമിടുന്നത്. ഏകദേശം 9,000 കോടി രൂപ ചെലവിലാണ് മുഴുവൻ പാതയും നിർമിക്കുന്നത്.

ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിൽ ശിവ്-മൂർത്തിയിൽ നിന്ന് ആരംഭിച്ച് ഡൽഹിയിലെ ദ്വാരക സെക്ടർ 21, ഗുരുഗ്രാം അതിർത്തി, ബസായി എന്നിവിടങ്ങളിലൂടെ ഖേർക്കി ദൗള ടോൾ പ്ലാസയ്ക്ക് സമീപം അവസാനിക്കുന്നു. അതിവേഗ പാതയുടെ 19 കിലോമീറ്റർ ഹരിയാനയിലും ബാക്കി 10 കിലോമീറ്റർ ഡൽഹിയിലുമാണ്. ഹരിയാന ഭാഗത്ത് ഡൽഹി-ഹരിയാന അതിർത്തി മുതൽ ബസായി (10.2 കി.മീ) വരെയും ബസായി മുതൽ ഖേർക്കി ദൗല (ക്ലോവർലീഫ് ഇന്‍റർചേഞ്ച്) വരെയും (8.7 കി.മീ) ഉൾപ്പെടുന്നു. ഏകദേശം 4,100 കോടി രൂപ ചെലവിലാണ് 19 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗം നിർമിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളമേറിയതും വീതി കൂടിയതുമായ നഗര റോഡ് തുരങ്കവും ഈ പാതയിൽ ഉൾപ്പെടുന്നു. ആഴം കുറഞ്ഞ തുരങ്കത്തിലൂടെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ഒരു ബദൽ സംവിധാനമായിരിക്കും ഈ എക്‌സ്പ്രസ് വേ.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള എക്സ്പ്രസ് വേയിൽ ടോൾ പിരിവ് പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കും. കൂടാതെ മുഴുവൻ പദ്ധതിയും കാര്യക്ഷമമായ ഗതാഗത സംവിധാനം കൊണ്ട് സജ്ജീകരിക്കും. നാല് ഘട്ടങ്ങളിലായാണ് നിർമാണം.

മൊത്തം നിർമ്മാണത്തിനായി 2 ലക്ഷം മെട്രിക് ടൺ സ്റ്റീലും 20 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്. തുരങ്കങ്ങൾ അറ്റ്-ഗ്രേഡ് റോഡ് സെക്ഷൻ, എലിവേറ്റഡ് ഫ്ലൈ ഓവർ, ഫ്‌ളൈ ഓവറിന് മുകളിലുള്ള ഒരു ഫ്ലൈ ഓവർ എന്നിങ്ങനെ നാല് മൾട്ടി ലെവൽ ഇന്‍റർചേഞ്ചുകൾ ഇതിന് ഉണ്ടായിരിക്കും. ഒൻപത് കിലോമീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള എലിവേറ്റഡ് റോഡ് ഒറ്റ തൂണിൽ എട്ടുവരിയായി നിർമിക്കുന്നത് രാജ്യത്ത് ആദ്യത്തേതാണ്.

Tags:    
News Summary - Prime Minister will inaugurate India's first elevated highway today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.