പനാജി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനം. ചൂടേറിയ തെരഞ്ഞെടുപ്പ് ചർച്ചകൾക്കിടെ ഗോത്ര വിഭാഗത്തിലെ സ്ത്രീകൾക്കൊപ്പമുള്ള പ്രിയങ്കയുടെ നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
മോർപിർല ഗ്രാമത്തിലായിരുന്നു പ്രിയങ്കയുടെ ആദ്യ സന്ദർശനം. പാട്ടും നൃത്തവുമായാണ് അവർ പ്രിയങ്കയെ സ്വീകരിച്ചത്. ഇവർക്കൊപ്പം പരമ്പരാഗത നൃത്തത്തിൽ അണിചേരുകയായിരുന്നു പ്രിയങ്ക ഗാന്ധിയും.
വെള്ളിയാഴ്ചയായിരുന്നു പ്രിയങ്കയുടെ ഗോവ സന്ദർശനം. ചുവന്ന സാരിയിൽ പ്രിയങ്ക സ്ത്രീകൾക്കൊപ്പം നൃത്തം ചവിട്ടുന്നത് വിഡിയോയിൽ കാണാം. സ്ത്രീകളുമായി സംസാരിച്ചതിന് ശേഷമായിരുന്നു പ്രിയങ്കയുടെ മടക്കം.
ഗോവയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജോലികളിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തുന്നുണ്ട്. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചു.
ഗോവ പിടിക്കാൻ ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയെയും പ്രിയങ്ക ഗാന്ധി വിമർശിച്ചു. പുറത്തുനിന്ന് വരുന്ന പുതിയ പാർട്ടികളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. 'പുറത്തുനിന്ന് ധാരാളം പാർട്ടികൾ വരും. അവർ എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുേണ്ടാ? ഞാൻ ഡൽഹിയിൽനിന്നാണ്. എ.എ.പിയും ഡൽഹിയിൽ നിന്നാണ്. നിങ്ങൾക്ക് ശ്വസിക്കാൻ പോലും കഴിയാത്രത്ര മാലിന്യമാണ് ഡൽഹിയിൽ' -പ്രിയങ്ക പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, എ.ഐ.സി.സി ഗോവ ഡെസ്ക് ഇൻ ചാർജ് ദിനേശ് ഗുണ്ടു റാവു, പ്രതിപക്ഷ നേതാവ് ദിഗംബർ കമത്, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗിരീഷ് ചോദൻകർ, പാർട്ടി വക്താവ് ആൾട്ടൻ ഡികോസ്റ്റ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.