ലഖ്നോ: യു.പിയിലെ ഹഥ്രസിൽ സവർണർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ബലമായി സംസ്കരിച്ചതിനെതിരെ പ്രിയങ്കഗാന്ധി. ഉത്തർ പ്രദേശ് സർക്കാർ ഭരണത്തിൽ നീതി ഒട്ടുമില്ല, അനീതിയുടെ ആധിപത്യമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു.
''രാത്രി 12 മണിക്കും പെൺകുട്ടിയുടെ കുടുംബം പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇരയുടെ മൃതദേഹം കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെ യു.പി ഭരണകൂടം സംസ്കരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ പെൺകുട്ടിയെ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല, ചികിത്സ നൽകുന്നതിലും വീഴ്ചവരുത്തി. ഇപ്പോൾ മരണത്തിനുശേഷവും അപമാനിക്കുകയാണ്. നിങ്ങൾ ക്രൈം നിർത്തലാക്കുന്നില്ലെന്ന് മാത്രമല്ല, ക്രിമിനലുകളെപ്പോലെ പെരുമാറുകയുമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണം, ഭരണത്തിൽ യാതൊരു നീതിയും ഇല്ല, അനീതികളാണ് നിറയെ'' - പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെയാണ് പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.
ഇന്നലെ രാത്രി 10.10ഓടെയാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽനിന്ന് മൃതദേഹം പൊലീസിന് വിട്ടുനൽകിയത്. നീതി ലഭിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. തുടർന്നാണ് പൊലീസ് ബലമായി സംസ്കാരം നടത്തിയത്. തങ്ങളുടെ അനുവാദമില്ലാതെയാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.