വംശഹത്യ നടത്തുന്നവർക്ക് ആളും പണവും നൽകി ലോകനേതാക്കളും ഒപ്പത്തിനൊപ്പം -ഗസ്സ കൂട്ടക്കുരുതിയിൽ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയെ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 5000ത്തോളം കുട്ടികളെയടക്കം പതിനായിരത്തിലേറെ ആളുകളെ കൂട്ടക്കൊല ചെയ്യുന്ന നടപടി ലജ്ജാകരവും വാക്കുകൾക്കതീതവുമാണെന്നായിരുന്നു പ്രിയങ്ക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ''ഗസ്സ വാസികളെ ഒന്നൊന്നായി തീർക്കുകയാണ്. ആശുപത്രികളും ആംബുലൻസുകളും വരെ ബോംബിട്ട് തകർക്കുന്നു. അഭയാർഥികളെ കേന്ദ്രങ്ങളെ പോലും ഉന്നംവെക്കുന്നു. എന്നിട്ടും ഇതി​ന് നേതൃത്വം കൊടുക്കുന്നവർ സ്വതന്ത്രരായി വിഹരിക്കുന്നു. ഫലസ്തീനിലെ വംശഹത്യക്ക് സാമ്പത്തികമടക്കമുള്ള പിന്തുണ നൽകി ലോകം അവർക്കൊപ്പം കൂടുന്നു.''-എന്നായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.

ഗസ്സയിൽ ആത്യന്തികമായി വെടിനിർത്തൽ നടപ്പാക്കാൻ ലോകം പരിശ്രമിക്കണം. അല്ലാത്ത പക്ഷം അന്താരാഷ്ട്ര സമൂഹത്തിന്റെ ധാർമിക ഉത്തരവാദിത്തം നഷ്ടമാകുമെന്നും പ്രിയങ്ക മുന്നറിയിപ്പ് നൽകി.

നേരത്തേയും ഗസ്സവാസികൾക്ക് ഐക്യദാർഢ്യവുമായി പ്രിയങ്ക രംഗത്തുവന്നിരുന്നു.

യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച പ്രിയങ്ക സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് പറഞ്ഞിരുന്നു. കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ മുന്നോട്ട് പോയാൽ അത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ​പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി അപമാനകരവും ഞെട്ടിക്കുന്നതാണ്. അഹിംസയുടെയും സത്യത്തിന്റേയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ജീവിതത്തിൽ മുഴുവൻ ഈ തത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികൾ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാർമിക ശക്തിയെയാണ് അവർ പ്രതിനിധാനം ചെയ്തിരുന്നത്. -എന്നായിരുന്നു പ്രിയങ്കയുടെ വിമർശനം.

ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ നടക്കുന്ന ഇസ്രായേലിന്റെ കൂട്ടുക്കുരുതിയിൽ 9488 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേരും കൊല്ലപ്പെട്ടു. ഗസ്സയിൽ 530,000 ഫലസ്തീനികളാണ് അഭയാർഥികളായി കഴിയുന്നത്.

 

Tags:    
News Summary - Priyanka Gandhi reacts to the Gaza genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.