ന്യൂഡൽഹി: സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി.
'ഏറ്റവും ബഹുമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ജെ.പി. നദ്ദയോടുമാണ്...രാഷ്ട്രീയത്തിന്റെയും സംവാദത്തിന്റെയും പേരു പറഞ്ഞ് എന്ത് തരംതാണ പണിയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്? അക്രമം നിറഞ്ഞ പ്രകോപനപരമായ അത്തരം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? കാലം അധികമൊന്നും കടന്നുപോയിട്ടില്ല, വാഗ്ദാനങ്ങൾക്ക് തുല്യമായ പ്രതിജ്ഞകൾ നിങ്ങൾ മറന്നുപോയോ?''-എന്നാണ് പ്രിയങ്ക ഇതെ കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
'ഇതാ പുതുതലമുറയിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം' എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റർ ബി.ജെ.പി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഏറ്റവും വലിയ നുണയൻ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കഴിഞ്ഞ ദിവസം കോൺഗ്രസും പങ്കുവെച്ചിരുന്നു. ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ജോർജ് സോറോസുമായി രാഹുലിനെ താരതമ്യപ്പെടുത്തിയും പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.